നോയിഡയില്‍ 7 സ്ത്രീകളെ പൊലീസ് മാനഭംഗപ്പെടുത്തി
നോയിഡ: ഉത്തര്‍പ്രദേശിലെ ഭട്ട പര്‍സൂല്‍ ഗ്രാമത്തില്‍ ഭൂമി ഏറ്റെടുക്കലിനെതിരെ നടന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ പൊലീസുകാര്‍ 7സ്ത്രീകളെ മാനഭംഗപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ദേശീയ പട്ടികജാതി കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
മെയ് മാസത്തിലായിരുന്നു ഇവിടെ കര്‍ഷകപ്രക്ഷോഭം നടന്നത്. പ്രക്ഷോഭത്തിനിടെ സ്ത്രീകള്‍ കൂട്ടമായി ലൈംഗിക പീഡനത്തിനിരയായെന്നും പുരുഷന്മാരെ കൊലപ്പെടുത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കമ്മിഷന്‍ അന്വേഷണം നടത്തിയത്.
കമ്മീഷന്‍ അധ്യക്ഷന്‍ പിഎല്‍ പുരുലിയ സ്ത്രീകള്‍ മാനഭംഗത്തിനിരയായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനിടെ ഏഴ് സ്ത്രീകളാണ് തങ്ങള്‍ പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഇത്തരമൊരു ആരോപണം ഉയര്‍ത്തിയത് വലിയ വിവാദമായി മാറിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് യുപി മുഖ്യമന്ത്രി മായാവതി രാഹുലിനെതിരെ തിരിയുകയും ചെയ്തിരുന്നു. എന്നാല്‍ പട്ടികജാതി കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം മാറിമറിഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications