ഗദ്ദാഫി യുഗത്തിന് അവസാനമാകുന്നു

നഗരത്തിന്റെ അഞ്ചില്‍ ഒന്നു ഭാഗത്തിന്റെ നിയന്ത്രണം മാത്രമാണ് സര്‍ക്കാര്‍ സേനയുടെ കൈയിലുള്ളത്. ഗദ്ദാഫിക്കൊപ്പമുള്ള അവസാനത്തെ സൈനികനും കീഴടങ്ങും വരെ ആക്രമണം തുടരുമെന്ന് നാറ്റോസേന പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം പിടിയിലായെന്ന് വിമതര്‍ അവകാശപ്പെട്ട ഗദ്ദാഫിയുടെ മകന്‍ സെയ്ഫുള്‍ ഇസ്‌ലാം ട്രിപ്പോളിയില്‍ അനുയായികള്‍ക്കൊപ്പം പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. ലിബിയയുടെ ദേശീയ പതാകയുമായി തലസ്ഥാനമായ ട്രിപ്പോളിയിലുള്ള ഗദ്ദാഫിയുടെ വസതിയില്‍ സെയ്ഫുള്‍ ഇസ്‌ലാമിനെ കണ്ടതായി ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സെയ്ഫുള്‍ ഇസ്‌ലാം പിടിയിലായെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു ഇത്. ഗദ്ദാഫി ഇപ്പോഴും ട്രിപ്പോളിയില്‍ സുരക്ഷിതനാണോ എന്ന മധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെ എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.
ഗദ്ദാഫിയുടെ മകനും സൈനിക മേധാവിയുമായ സെയ്ഫ് അല്‍ ഇസ്‌ലാമും മൂത്തമകന്‍ മുഹമ്മദും വിമതരുടെ പിടിയിലായതായി ദേശീയ പരിവര്‍ത്തന സമിതിയുടെ മുതിര്‍ന്ന നേതാവ് അബ്ദുള്ള അല്‍മയ്‌ഹോപ് നേരത്തെ അവകാശപ്പെട്ടിരുന്നു.
ഗദ്ദാഫി തങ്ങുന്നുവെന്ന് കരുതുന്ന ബാബ് അല്‍ - അസീസിയ കൂടി പിടിക്കാനുള്ള പ്രക്ഷോഭകരുടെ ശ്രമത്തെ ഗദ്ദാഫിയുടെ വിശ്വസ്തസൈന്യം ചെറുത്തുനില്‍ക്കുന്നുണ്ട്. ഗദ്ദാഫി അല്‍ അസീസിയ വളപ്പിലുണ്ടെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഗദ്ദാഫിയുണ്ടെന്ന് സൂചിപ്പിക്കുംവിധമാണ് സേനയുടെ ചെറുത്തുനില്പ്. ടാങ്ക് വ്യൂഹമാണ് പ്രക്ഷോഭകരെ നേരിടുന്നത്.
ഗദ്ദാഫിയുടെ പതനം ഉറപ്പായതോടെ ട്രിപ്പോളിയിലെ ഗ്രീന്‍ സ്‌ക്വയറില്‍ വിമതസൈന്യവും ജനങ്ങളും വിജയാഹ്ലാദം തുടങ്ങിയിട്ടുണ്ട്. ഗദ്ദാഫി യുഗത്തിന് മുമ്പുണ്ടായിരുന്ന ദേശീയഗാനം ആലപിച്ച് ജനങ്ങള്‍ തെരുവിലേക്ക് ഒഴുകുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരമദ്ധ്യത്തിലേക്ക് ആരവങ്ങളോടെ മുന്നേറിയ പ്രക്ഷോഭകര്‍ ഗദ്ദാഫിയെ 'ചപ്രത്തലയന്‍ എന്ന് ആക്ഷേപിച്ചും ആകാശത്തേക്ക് നിറയൊഴിച്ചുമൊക്കെയാണ് ഗ്രീന്‍സ്‌ക്വയറില്‍ വിജയം ആഘോഷിച്ചത്. 'രക്തസാക്ഷിചത്വരമെന്ന് ഗ്രീന്‍ സ്‌ക്വയറിന്റെ പേരും അവര്‍ മാറ്റി.
ലിബിയയിലെ ഗദ്ദാഫി യുഗം അവസാനിച്ചതായി യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനകം അംഗീകാരം നല്‍കിയ ദേശീയ പരിവര്‍ത്തന സമിതിയുടെ പ്രവര്‍ത്തനകേന്ദ്രം ബെന്‍ഗാസിയില്‍ നിന്ന് ട്രിപ്പോളിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ട്രിപ്പോളിയില്‍ കടന്ന ലിബിയയിലെ വിമത നേതൃത്വത്തെ റഷ്യയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അംഗീകരിച്ചു. വിമത സര്‍ക്കാരിന് അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗും പിന്തുണ പ്രഖ്യാപിച്ചു.
ഗദ്ദാഫിക്ക് മാന്യമായ വിചാരണ ഉറപ്പുവരുത്തുമെന്ന് വിമതരുടെ മേധാവി മുസ്തഫ അബ്ദുള്‍ ജലീല്‍ പ്രഖ്യാപിച്ചു.ഗദ്ദാഫിയുടെ ആസ്ഥാനമായ ബാബ് അല്‍ അസീസിയ ദിവസങ്ങളായുള്ള നാറ്റോ ആക്രമണത്തില്‍ ഏറെക്കുറെ നിലംപതിച്ചിട്ടുണ്ട്. ബാരക്കിനുള്ളില്‍ ഏതാനും ടാങ്കറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തിങ്കളാഴ്ച രാവിലെ അല്‍ അസീസിയ പരിസരത്തെത്തിയ വിമതരെ നേരിടാന്‍ വിരലിലെണ്ണാവുന്ന ടാങ്കറുകള്‍ മാത്രമാണ് ബാരക്കിന് പുറത്തുവന്നത്.
അറബ് സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളില്‍ ഏറ്റവും രക്തരൂഷിതമായ പോരാട്ടത്തിനാണ് കഴിഞ്ഞ ആറ് മാസമായി ലിബിയ സാക്ഷ്യംവഹിച്ചത്. ട്രിപ്പോളിയില്‍ ഞായറാഴ്ച ഉച്ചയ്ക്കുശേഷം മാത്രം മരിച്ചുവീണത് 1500ലധികം പേരാണ്.












Click it and Unblock the Notifications