മാനഭംഗപ്പെടുത്തി പാടത്ത് തള്ളിയ യുവതി മരിച്ചു
കായംകുളം: കൂട്ടമാനഭംഗത്തിനിരയായി പാടത്ത് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. മാവേലിക്കര സ്വദേശി സ്മിത(30)യാണ് പീഡനത്തിനിരയായി മരിച്ചത്. ഇവരുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. ഒരു മകളുണ്ട്.
കായംകുളത്ത് ഫാന്‍സി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്മിത രാത്രി ഏഴിനു ബസിറങ്ങി വീട്ടിലേക്കു പോകുമ്പോള്‍ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
പാടത്തെ വെള്ളക്കെട്ടില്‍ നഗ്‌നയായി അവശനിലയില്‍ ചെളിയില്‍ പൂണ്ടുകിടന്ന സ്മിതയെ സമീപവാസിയായ സ്ത്രീയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അതുവഴി ബൈക്കില്‍ എത്തിയവരോടു പറയുകയും അവര്‍ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.
നാട്ടുകാരും പോലീസും ചേര്‍ന്നു കായംകുളം താലൂക്കാശുപത്രിയില്‍ എത്തിച്ച സ്മിതയെ പ്രഥമശുശ്രൂഷ നല്‍കിയശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്മിതയെ കണ്ടെത്തിയ സ്ഥലത്തു പിടിവലി നടന്ന ലക്ഷണങ്ങളുണ്ട്. കവിളുകളിലും തോളിലും പല്ലുകളേറ്റ പാടുണ്ട്. നാവു മുറിഞ്ഞിട്ടുണ്ട്. തലയ്ക്കു പിന്നിലും ക്ഷതമേറ്റിട്ടുണ്ട്.
ഇവിടെ ദുരൂഹ സാഹചര്യത്തില്‍ ഒരു ചുവന്ന മാരുതികാര്‍ കണ്ടതായി സൂചനയുണ്ട്. യുവതിയെ കണ്ടെത്തിയതിനു സമീപം പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന ചെരുപ്പ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ അടങ്ങിയ കിറ്റ് എന്നിവ കണ്ടെത്തി.
സ്മിതയുടെ ഭര്‍ത്താവ് 10 വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവരുടേതു പ്രണയവിവാഹമായിരുന്നു. സ്മിത കുറച്ചുനാള്‍ ഓലകെട്ടിയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തിരുന്നു. ഒരുമാസം മുമ്പാണു കായംകുളത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കുകയറിയത്.












Click it and Unblock the Notifications