സഭയുടെ വായില്‍ കോടതിയുടെ ആപ്പ്: പി ജയരാജന്

വഴിയോര കൂടിച്ചേരലുകള്‍ക്കുള്ള കോടതി നിരോധനം തന്നെയാണ് പരാമര്‍ശത്തിന് അടിസ്ഥാനം. പൊലീസിന്റെ അനുമതിയോടെ വഴിയോരത്ത് യോഗങ്ങള്‍ ആകാമെന്നു നിയമം പാസാക്കിയ നിയമസഭയുടെ വായില്‍ കോടതി ആപ്പടിച്ചുകയറ്റിയെന്നാണ് ജയരാജന്‍ പറഞ്ഞത്.
ജനാധിപത്യവ്യവസ്ഥയില്‍ പ്രതിഷേധിക്കാനുള്ള അവകാശം എടുത്തുമാറ്റാന്‍ ഒരു കോടതിക്കും അവകാശമില്ല. വിരമിക്കാന്‍ രണ്ടു ദിവസം ബാക്കിയുള്ള ജഡ്ജിയുടെ നേതൃത്വത്തിലാണു നിയമസഭയുടെ നിയമത്തെ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. നിയമം പാസാക്കാന്‍ കോടതിക്കല്ല, നിയമസഭയ്ക്കാണ് അധികാരം.
ജനങ്ങള്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്നതു കരിനിയമം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കരുത്. കണ്ണൂരില്‍ സിപിഎം നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധത്തില്‍ പ്രസംഗിക്കുകയായിരുന്നു ജയരാജന്‍.
രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ നടന്ന ഉപരോധത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസ് റോഡ് വഴിയുള്ള ഗതാഗതം സ്തംഭിച്ചു. ഹൈക്കോടതി വിധി ലംഘിച്ചു പൊതുവഴിയില്‍ പൊതുയോഗം നടത്തിയതിനു സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു. യോഗത്തില്‍ പ്രസംഗിച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി, ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എന്നിവരുള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെയാണു ടൗണ്‍ പൊലീസ് കേസെടുത്തത്.
പൊതുവഴിയിലെ പൊതുയോഗങ്ങള്‍ക്ക് കോടതി നിരോധനം കൊണ്ടുവന്നതിന് പിന്നാലെയായിരുന്നു എം വി ജയരാജന്റ ശംഭന്‍ പ്രയോഗം, ഈ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.












Click it and Unblock the Notifications