സോണിയയ്ക്ക് പനി; ഊഹാപോഹങ്ങള്‍ കനക്കുന്നു
അമേരിക്കയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തിയശേഷം സോണിയയുടെ പങ്കെടുക്കാന്‍ പോകുന്ന ആദ്യ പൊതുപരിപാടിയെന്ന നിലയില്‍ ഉത്തരാഖണ്ഡിലെ റാലി ഏറെ പ്രാധാന്യം നേടിയിരുന്നു. എ്ന്നാല്‍ ബുധനാഴ്ചയാണ് സോണിയ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും പകരം പ്രസംഗം റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്.
കഴിഞ്ഞ കുറച്ചുനാളുകളായി കോണ്‍ഗ്രസ് തലപ്പത്തേയ്ക്ക് അടുത്തുതന്നെ രാഹുല്‍ എത്തുമെന്നും സോണിയ സ്ഥാനമൊഴിയുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ഇതിനിടെ സോണിയയ്ക്ക് വീണ്ടും ആരോഗ്യപ്രശ്നമുണ്ടെന്ന റിപ്പോര്‍ട്ടും വന്നതോടെ പലരും ഇതുരണ്ടും കൂട്ടിവായിക്കുകയാണ്.
പൂര്‍ണആരോഗ്യത്തോടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സോണിയയ്ക്ക് കഴിയാത്തതിനാലാണ് രാഹുലിന് അധികാരം കൈമാറുന്നതെന്നാണ് സൂചന. സോണിയ യുഎസില്‍ കാന്‍സര്‍ ചികിത്സയ്ക്കാണ് പോയതെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും സോണിയ പൂര്‍ണമായും രോഗമുക്തയല്ലെന്നുള്ളരീതിയിലാണ് ഇപ്പോള്‍ ദില്ലിയില്‍ നിന്നുള്ള സൂചനകള്‍.
അതേസമയം സോണിയയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന മട്ടിലുള്ള ഊഹാപോഹങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ നിഷേധിക്കുന്നു. രാഹുലിനെ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായോ പ്രസിഡന്റായോ നിയമിക്കുമെന്ന റിപ്പോര്‍ട്ടുകളും നേതാക്കള്‍ നിഷേധിക്കുകയാണ്. അതിന് സമയമായില്ളെന്നാണ് മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ സൂചിപ്പിച്ചത്.
രാഹുല്‍ ഇപ്പോള്‍ തന്നെ നേതാവാണ്. അദ്ദേഹം ഭാവിയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമെന്നതും ശരിയാണ്. അതിനപ്പുറം, സോണിയ നേതൃസ്ഥാനത്തുനിന്ന് ഉടനടി പിന്മാറില്ലെന്നാണ് ഇവര്‍ പറയുന്നത്.
നേതൃമാറ്റം എപ്പോള്‍, എങ്ങനെ വേണമെന്ന് സോണിയ ഗാന്ധി തന്നെ തീരുമാനിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു.