വികാരി പള്ളിമുറ്റത്ത് കുര്‍ബാന അര്‍പ്പിച്ചു
കൂത്താട്ടുകുളം: സഭാതര്‍ക്കം നിലനില്‍ക്കുന്ന മണ്ണത്തൂര്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വികാരി പള്ളിമുറ്റത്ത് കുര്‍ബാനയര്‍പ്പിച്ചു. ഞായറാഴ്ച കുര്‍ബാനയ്ക്ക് എത്തിയ വികാരി ഫാദര്‍ പൗലോസ് ഞാറ്റുംകാലയേയും ശുശ്രൂഷകരെയും വിശ്വാസികളെയും പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്നാണ് വികാരി പള്ളിമുറ്റത്ത് കുര്‍ബാനയര്‍പ്പിച്ച് പ്രതിഷേധിച്ചത്.
നിലവില്‍ വികാരിയായിരുന്ന ഫാദര്‍ ഏലിയാസ് മണ്ണാത്തിക്കുളത്തെ ഒരാഴ്ച്ചമുമ്പേ ഭദ്രാസന ആസ്ഥാന ചാപ്പലിലേക്കു സ്ഥലംമാറ്റിക്കൊണ്ട് മെത്രാപ്പോലീത്ത അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. മെത്രാപ്പൊലീത്തയുടെ തീരുമാനത്തില്‍ ഫാദര്‍ ഏലിയാസിന് പ്രതിഷേധമുണ്ടായിരുന്നു.
ഡിസംബര്‍ 4നു ഞായറാഴ്ച പുതിയതായി സ്ഥാനമേറ്റ യാക്കോബായ പക്ഷത്തുനിന്നുള്ള വികാരി ഫാദര്‍ പൗലോസ് കുര്‍ബാന അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ മുതലാണു പള്ളിയില്‍ പ്രശ്‌നം തുടങ്ങിയത്.
പിന്നാലെ ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി എത്തിയവരെ പോലീസ് പള്ളിമുറ്റത്തു തടയുകയായിരുന്നു. തുടര്‍ന്ന് വിശ്വാസികള്‍ പള്ളിമുറ്റത്തു പ്രത്യേകം തയാറാക്കിയ അള്‍ത്താരയില്‍ ഫാദര്‍ പൗലോസ് ഞാറ്റുംകാല കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു. കുര്‍ബാനയ്ക്കുശേഷം വിശ്വാസികള്‍ പള്ളിയങ്കണത്തില്‍ പ്രതിഷേധയോഗം ചേരുകയും ചെയ്തു.
ഇതിനിടെ മൂവാറ്റുപുഴ തഹസില്‍ദാര്‍, പിറവം സി.ഐ കൂത്താട്ടുകുളം എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസിന്റെ അകമ്പടിയോടെ ഓര്‍ത്തഡോക്‌സ് വിഭാഗം കുര്‍ബാന അര്‍പ്പിച്ചിക്കുകയും ചെയ്തു.
ശുശ്രൂഷകന്റെ മുറി കുത്തിത്തുറന്ന് അരലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ കവര്‍ന്നതായി ഓര്‍ത്തഡോക്‌സ് പക്ഷം പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications