മാമ്പഴത്തെ മണിക്കുട്ടനാക്കി:പ്രസാധകര്‍ക്ക്നോട്ടീസ്
എറണാകുളം: വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാമ്പഴമെന്ന പ്രശസ്ത കവിതയിലെ വരികളെടുത്ത് മറ്റൊരു പേരില്‍ പ്രസിദ്ധീകരിച്ച പ്രശ്‌നത്തില്‍ പ്രസാധകര്‍ നിയമക്കുരുക്കില്‍.
സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകത്തിലേയ്ക്ക് വേണ്ടിയാണ് മാമ്പഴത്തിലെ ചില വരികളെടുത്ത് മണിക്കുട്ടന്‍ എന്ന് പേരിട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. റെയിന്‍ബോ പബ്ലിക്കേഷന്റെ മഴവില്ല് ന്നെ അഞ്ചാംക്ലാസ് മലയാളപാഠപുസ്തകത്തിലാണ് മണിക്കുട്ടന്‍ എന്ന പേരില്‍ കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാമ്പഴത്തിലെ 24 വരികളാണ് മണിക്കുട്ടന്‍ എന്ന കവിതയിലുള്ളത്.
ഇത് കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണെന്നും മലയാളികളായ കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട മാമ്പഴം എന്ന കവിതയെ മുറിച്ച് പേരുമാറ്റിയത് ശരിയായില്ലെന്നും കാമിച്ച് ജനസമ്പര്‍ക്ക സമിതിയെന്ന സാംസ്‌കാരിക സംഘടനയാണ് വിദ്യാഭ്യാസമന്ത്രിയ്ക്ക് പരാതി അയച്ചത്. സിബിഎസ്ഇ അധികൃതര്‍ക്കും സംഘടന പരാതിക്കത്ത് അയച്ചിട്ടുണ്ട്.
റയിന്‍ബോ പബ്ലിക്കേഷനെതിരെ സമിതി ട്രഷറര്‍ ധനന്‍ ചെട്ടിയാഞ്ചേരി വക്കീല്‍നോട്ടീസും അയച്ചിട്ടുണ്ട്. ഈ പാഠഭാഗമടങ്ങിയ പുസ്തകം പിന്‍വലിക്കണമെന്നും, വൈലോപ്പിള്ളി ശ്രീധരമേനോന്റെ കുടുംബത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് പുസ്തകങ്ങള്‍ തയ്യാറാക്കി ഏകീകരിച്ച സിലബസ് തയ്യാറാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ മാമ്പഴം കവിതയുടെ കാര്യത്തില്‍ തെറ്റ് പിണഞ്ഞിട്ടില്ലെന്നും കവിതയ്ക്ക് താഴെ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും പബ്ലിക്കേഷന്‍ അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications