മൃതദേഹം ഇരുത്തികൊണ്ടുപോയി: വിശദീകരണം തേടും
പത്തനംതിട്ട: ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കാറില്‍ ഇരുത്തിക്കൊണ്ടു പോയ സംഭവം വിവാദമാവുന്നു. സംഭവത്തെക്കുറിച്ച് കളക്ടറോടും ഡിഎംഒയോടും വിശദീകരണം തേടുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ തുടര്‍ന്ന്
തമിഴ്‌നാട്ടിലേക്കു പോകാന്‍ ആംബുലന്‍സ് ലഭ്യമല്ലാതിരുന്നതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച മധുര സ്വദേശിയുടെ മൃതദേഹം കാറില്‍ ഇരുത്തിക്കൊണ്ടു പോയത്.
ശബരിമല തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്ന വാഗ്ദാനം നിലനില്‍ക്കുമ്പോഴാണ് തീര്‍ഥാടകന്റെ മൃതദേഹം ഇരുത്തിക്കൊണ്ടു പോയ സംഭവം അരങ്ങേറിയത്. കാറിന്റെ ഡിക്കിയില്‍ മൃതദേഹം കൊണ്ടുപോവാനാണ് ബന്ധുക്കള്‍ ശ്രമിച്ചതെങ്കിലും നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു.
പിന്നീട് മൃതദേഹം ബന്ധുക്കള്‍ക്കൊപ്പം പിന്‍സീറ്റില്‍ ഇരുത്തിക്കൊണ്ടു പോവുകയായിരുന്നു. മൃതദേഹം പൊലീസ് സുരക്ഷയില്‍ അതിര്‍ത്തി വരെ എത്തിയ്ക്കാമായിരുന്നുവെന്നും തുടര്‍ന്ന് അവിടെ നിന്ന് തമിഴ്‌നാട് പൊലീസിന്റെ സഹായം തേടാമായിരുന്നുവെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ശബരിമല ദര്‍ശനത്തിനെത്തിയ മധുര സ്വദേശിയായ പാണ്ഡ്യന്‍ (55) പമ്പയില്‍വച്ച് ഹൃദയാഘാതംമൂലം മരണമടയുകയായിരുന്നു.












Click it and Unblock the Notifications