ദൗത്യം വിജയം; മെട്രോമാന് പടിയിറക്കം

പാലക്കാട് കുറുകപുത്തൂരില്‍ നീലകണ്ഠന്‍ മൂസിന്റെയും അമമാ അമ്മയുടെയും മകനായ ശ്രീധരന്‍ എന്‍ജിനീയറിങ് ബിരുദം നേടി കോഴിക്കോട്ടെ പോളിടെക്‌നിക്കില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചതിന് ശേഷം 1954ല്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ചേരുന്നത്.
രാമേശ്വരത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ച പാമ്പന്‍പാലം കടലെടുത്തപ്പോള്‍ അതിന്റെ പുനരുദ്ധാരണത്തിന് 1963ല്‍ ദക്ഷിണ റെയില്‍വെ ചുമതലയേല്‍പിച്ചത് മുതലാണ് ശ്രീധരന്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. മൂന്നുമാസം സമയം നല്‍കിയിട്ടും 46 ദിവസം കൊണ്ട് പാലം നവീകരിച്ചുകൊണ്ട് ശ്രീധരന്‍ മികവ് തെളിയിച്ചു.
1990ല്‍ സര്‍വീസില്‍നിന്ന് ഔദ്യോഗികമായി വിരമിച്ച ശേഷമായിരുന്നു കൊങ്കണ്‍ റെയില്‍ പദ്ധതിയെന്ന ചരിത്രദൗത്യം ശ്രീധരന്‍ ഏറ്റെടുത്തത്. ബ്രിട്ടീഷുകാര്‍ അസാധ്യമെന്ന് വിധിയെഴുതുകയും ഫണ്ടിന്റെ അപര്യാപ്തത മൂലം റെയില്‍വെ ഉപേക്ഷിച്ചതുമായ കൊങ്കണ്‍പാത വാഗ്ദാനം ചെയ്തതിലും മൂന്ന് വര്‍ഷം നേരത്തെ പൂര്‍ത്തിയാക്കി ശ്രീധരന്‍ ചരിത്രം സൃഷ്ടിച്ചു.
65ാം വയസ്സില്‍ ദില്ലി മെട്രോയുടെ സാരഥ്യമേറ്റെടുത്ത ശ്രീധരന്‍ തുടര്‍ച്ചയായ 15 വര്‍ഷവും കോര്‍പറേഷന്റെ തലപ്പത്തായിരുന്നു. 1997ല്‍ ദല്‍ഹി മെട്രോയുടെ ചുമതല ഏറ്റെടുത്ത ശ്രീധരന്‍ 2002ല്‍ ആദ്യ സര്‍വീസ് ആരംഭിച്ചു രാജ്യതലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റി.
ഇന്ത്യന്‍ നഗരങ്ങള്‍ക്ക് പുതിയൊരു ഗതാഗത സംസ്‌ക്കാരം പകര്‍ന്നു നല്‍കുന്നതില്‍ മുഖ്യപങ്കുവഹിച്ച ദില്ലി മെട്രോയില്‍ ഇന്ന് ദിനംപ്രതി 18 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്. ഒരിയ്ക്കലും ഗതാഗതവികസനം സാധ്യമല്ലെന്ന് കരുതിയ നഗരത്തിലൂടെയാണ് ഇന്ത്യയുടെ മെട്രോമാന്‍ തന്റെ വിജയരഥം തെളിച്ചത്. ദില്ലിയുടെ ചുവടുപിടിച്ച് മറ്റു നഗരങ്ങളും മെട്രോയെന്ന മന്ത്രം മുറുകെ പിടിയ്ക്കുമ്പോള്‍ ശ്രീധരനെന്ന പേര് ചരിത്രത്തില്‍ ഇടം പിടിയ്ക്കുകയാണ്.












Click it and Unblock the Notifications