കപ്പല്‍ കൊച്ചിയില്‍; നാവികരെ കസ്റ്റഡിയിലെടുക്കും
കൊച്ചി: ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് പ്രകോപനമില്ലാതെയാണെന്ന് കോസ്റ്റ് ഗാര്‍ഡ്. മത്സ്യത്തൊഴിലാളികളുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും ഇവര്‍ നിരായുധരായിരുന്നെന്നും കോസ്റ്റ് ഗാര്‍ഡ് ഐജി പി.എസ്. ബസ്ര കൊച്ചിയില്‍ അറിയിച്ചു.
രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് കപ്പല്‍ ജീവനക്കാര്‍ ബന്ധപ്പെട്ട അധികൃതരെ വെടിവയ്പ് നടന്നതായി അറിയിച്ചതെന്നും കോസ്റ്റ് ഗാര്‍ഡ് ഐജി അറിയിച്ചു. ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്റിക്ക ലക്‌സിയെ
കൊച്ചി എണ്ണടാങ്കര്‍ ബെല്‍ത്തില്‍ അടുപ്പിച്ചിട്ടുണ്ട്. തീര സംരക്ഷണസേന കപ്പലിന് കാവലുണ്ട്. പാലീസിന്റെയും തീര സംരക്ഷണ സേനയുടെയും ഇന്ത്യന്‍ നേവിയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കപ്പല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് ശ്രമം. ഇവരെ കസ്റ്റഡിയിലെടുക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.
പുറംകടലില്‍ നങ്കൂരമിട്ടിരുന്ന കപ്പല്‍ തുറമുഖത്തേക്ക് എത്തിക്കാനുള്ള നിര്‍ദേശം വൈകുന്നേരംവരെ നാവികര്‍ അനുസരിച്ചില്ല. രാത്രി ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ എത്തിയശേഷമാണു കപ്പല്‍ അടുപ്പിക്കാനായത്.
ഇന്ത്യയുടെ നാവിക അതിര്‍ത്തിക്ക് ഉള്ളിലല്ല വെടിവെപ്പ് ഉണ്ടായതെന്ന നിലപാടാണു കപ്പല്‍ അധികൃതരുടേതെന്നാണു റിപ്പോര്‍ട്ട്.എന്നാല്‍, ഇന്ത്യന്‍ ബോട്ടിലാണ് മരണം നടന്നത് എന്നതിനാല്‍ ഇന്ത്യന്‍ നിയമ നടപടിക്ക് കപ്പലും നാവികരും വിധേയമാകണമെന്നാണ് ഇന്ത്യയുടെ വാദം.
മത്സ്യബന്ധന ബോട്ടിലുള്ളവര്‍ കടല്‍ക്കൊള്ളക്കാരാണെന്ന ധാരണയില്‍ കപ്പലില്‍നിന്ന് അപായ സൈറണ്‍ മുഴക്കുകയും വെള്ളത്തിലേക്കു മുന്നറിയിപ്പായി വെടി ഉതിര്‍ക്കുകയും ചെയ്തുവെന്നും എന്നിട്ടും ബോട്ടിലുള്ളവര്‍ പിന്മാറിയില്ലെന്നുമാണ് ഇറ്റാലിയന്‍ കപ്പലിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്.












Click it and Unblock the Notifications