കപ്പല്‍ വീണ്ടും കൊച്ചിയില്‍; പരിശോധന ഉടന്‍

വെള്ളിയാഴ്ച കപ്പല്‍ പരിശോധിക്കാനാണ് തീരുമാനിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു. കപ്പല്‍ പരിശോധിക്കാന്‍ കൊല്ലം മജിസ്‌ട്രേറ്റ് കോടതി പൊലീസിന് അനുമതി നല്‍കിയിട്ടുണ്ട്. പ്രധാനമായും മത്സ്യത്തൊഴിലാളികളെ വെടിവെച്ച തോക്ക് കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തുന്നത്.
തോക്ക് വിട്ടുനല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇറ്റാലിയന്‍ കോടതിയുടെ അനുമതിയോടെ മാത്രമേ ഇതിന് കഴിയൂവെന്ന നിലപാടിലാണ് കപ്പല്‍ ക്യാപ്റ്റന്‍. തോക്കുകള്‍ കപ്പലില്‍ സീല്‍ ചെയ്ത് വെച്ചിരിക്കുകയാണെന്നാണ് ഇറ്റാലിയന്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അതിനിടെ കടല്‍ വെടിവെപ്പ് കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികരുടെ പൊലീസ് കസ്റ്റഡി ഏഴ് ദിവസംകൂടി നീട്ടി. കപ്പല്‍ പരിശോധിക്കാനും തെളിവുകള്‍ ശേഖരിക്കാനും കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കൊല്ലം ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് ഡോണി തോമസ് വര്‍ഗീസിന്റെ ഉത്തരവ്.
കപ്പലിലെ സുരക്ഷാഗാര്‍ഡുകളായ ലെസ്‌റ്റോറെ മാര്‍സിമിലാനോ, സാല്‍വദോറെ ഗിറോണെ എന്നിവരെ ഫെബ്രുവരി 20ന് 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇതില്‍ ആദ്യ മൂന്നുദിവസം പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. ഈ മൂന്ന് ദിവസം അവസാനിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയത്.












Click it and Unblock the Notifications