ആദിവാസികള്‍ക്ക് എല്ലാ ജില്ലയിലും ഇംഗ്ലീഷ് മീഡിയം
ആദിവാസി ഭൂമി കൈയേറിയവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാലുടന്‍ അന്വഷണം നടത്തി നടപടിയെടുക്കും. സംസ്ഥാനത്തെ ആദിവാസി ഭൂപ്രശ്‌നത്തിന് അടുത്ത നാല് വര്‍ഷത്തിനകം പൂര്‍ണപരിഹാരമാകും. ആദിവാസികള്‍ക്കായി വയനാട്ടില്‍ ഭൂമി വിലയ്ക്കുവാങ്ങുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയില്‍ താമസിക്കാന്‍ ആദിവാസികള്‍ തയാറാകണം. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. വയനാട് ഒഴികെയുള്ള ജില്ലകളിലെ ഉപയോഗത്തിന് എട്ട് ആംബുലന്‍സ് വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പട്ടികവര്‍ഗക്കാര്‍ക്കായി പി.എസ്.സി. കോച്ചിംഗ് സെന്റര്‍ തുറക്കും. മുടങ്ങിക്കിടക്കുന്ന വീടുപണി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും.
പ്രാക്തന ഗോത്രവര്‍ഗങ്ങള്‍ക്കായി 148 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. കോര്‍പസ് ഫണ്ടിന്റെ 40 ശതമാനം കോളനികളിലെ അടിസ്ഥാന സൌകര്യ വികസനത്തിന് ഉപയോഗപ്പെടുത്തും. തൊഴിലുറപ്പ് പദ്ധതിയില്‍ മുഴുവന്‍ ആദിവാസി കുടുംബങ്ങളെയും ഉള്‍പ്പെടുത്തും. ഇടമലക്കുടിയിലെ ആദിവാസികള്‍ക്കായുള്ള പ്രത്യേക പാക്കേജ് അടുത്ത ബജറ്റില്‍ പ്രഖ്യാപിക്കും.
സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും അവരെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്ന തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കും. ഇത് ലഭിക്കുന്നതോടെ ആദിവാസികള്‍ക്ക് വില്ലേജ് ഓഫീസുകളില്‍നിന്ന് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിലുള്ള പ്രയാസം നീങ്ങൂം. പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍ക്കും തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുംമന്ത്രി പറഞ്ഞു. കേരളത്തില്‍ ദേശീയ പട്ടികവര്‍ഗ മഹോത്സവം എല്ലാവര്‍ഷവും സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി