Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപിയുടെ കൊലയ്ക്കുപിറകില്‍ ഭൂമാഫിയ?

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലയ്ക്കുപിറകില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളേക്കാള്‍ സിപിഎമ്മിലുള്ള ചിലരുടെ വാണിജ്യതാല്‍പ്പര്യങ്ങളുമുണ്ടെന്ന് സംശയം. വലതുപക്ഷത്തേക്ക് അടുപ്പിക്കുന്ന ഔദ്യോഗിക നയങ്ങളാണ് ടിപി അടക്കമുള്ള നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയതെന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും 2008ല്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ഏറാമല പഞ്ചായത്ത് ഭരണം ജനതാദളിന് കൈമാറാന്‍ തീരുമാനിച്ചതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. അഴിയൂര്‍ ഭരണം പാര്‍ട്ടിക്കു ലഭിക്കുന്നതിനുവേണ്ടിയാണ് ഉന്നത നേതാക്കളുടെ അറിവോടെയുള്ള ഒരു വെച്ചുമാറലായിരുന്നു ഇത്.

RMP

എന്തിനാണ് പാര്‍ട്ടി അഴിയൂര്‍ ഭരണത്തിനുവേണ്ടി ശ്രമിച്ചത്? ഒരു വന്‍ വ്യവസായിയുടെ ഒത്താശയോടെ അഴിയൂരില്‍ ആരംഭിക്കുന്ന വ്യാവസായ സംരംഭത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുകയായിരുന്നു ഈ ഭരണമാറ്റം കൊണ്ട് ചിലര്‍ ലക്ഷ്യം വച്ചതെന്ന ആരോപണം അന്നുയര്‍ന്നിരുന്നു. വിവാദ വ്യവസായിയും അയാളുടെ ബിനാമികളും ഈ ഭാഗത്തെ ഭൂമിയില്‍ വന്‍തോതില്‍ നിക്ഷേപവും നടത്തിയിട്ടുണ്ട്. ഇവിടെയാണ് ചില പ്രാദേശിക, സംസ്ഥാന നേതാക്കളുടെ താല്‍പ്പര്യങ്ങളും ഉറങ്ങികിടക്കുന്നത്.

ടിപി ചന്ദ്രശേഖരന്റെയും വേണുവിന്റെയും നേതൃത്വത്തില്‍ ആയിരകണക്കിനാളുകള്‍ പാര്‍ട്ടി വിട്ടതോടെ ഈ പദ്ധതി താല്‍ക്കാലികമായി മരവിപ്പിക്കപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും സിപിഎമ്മിന് കനത്ത തിരിച്ചടിയുണ്ടാക്കാന്‍ ഈ പിളര്‍പ്പിന് സാധിച്ചു. ടിപിയുടെ വ്യക്തിപ്രഭാവവും രാഷ്ട്രീയനീക്കങ്ങളും ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതോടെ പാര്‍ട്ടി ശരിയ്ക്കും വെട്ടിലായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തു കൊണ്ടു തന്നെ സിപിഎമ്മിന്റെ എല്ലാ കരുനീക്കങ്ങളെയും അതിജീവിക്കാന്‍ ടിപിയ്ക്ക് സാധിച്ചു.

യുഡിഎഫ് ഭരണത്തിന്റെ മറവില്‍ പഴയ പ്രൊജക്ട് പൊടിതട്ടിയെടുക്കാന്‍ ഭൂമാഫിയ ശ്രമം തുടങ്ങി. കോണ്‍ഗ്രസ് ഭരണകാലത്ത് ഇതു കൊണ്ടു വന്നാല്‍ നേരത്തെയുള്ള ചീത്തപ്പേര് മാറുമെന്ന് അവര്‍ കണക്കുകൂട്ടുകയും ചെയ്തുവെന്നുവേണം കരുതാന്‍. പക്ഷേ, ടിപി ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇതു സാധിക്കില്ല എന്ന ഉറച്ച വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു.

കാരണം, ഭൂമാഫിയക്കും ജനവിരുദ്ധ വ്യാവസായങ്ങള്‍ക്കുമെതിരേ ചന്ദ്രശേഖരന്‍ ജനങ്ങളെ അണിനിരത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയുവുണ്ടായിരുന്നില്ല. അങ്ങനെ വരുമ്പോള്‍ ആര്‍എംപിയുടെ ജനപിന്തുണ വീണ്ടും വര്‍ധിക്കാനാണ് സാധ്യത. ടിപിയെ വധിക്കുന്നതിലൂടെ വാണിജ്യപരമായ നേട്ടവും അതോടൊപ്പം ആര്‍എംപിയുടെ തളര്‍ച്ചയുമാണ് കൊലയാളികള്‍ സ്വപ്‌നം കണ്ടത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് മുമ്പായതിനാല്‍ സിപിഎമ്മിന് സംശയത്തിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+