കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ സാംസ്‌കാരിക കേരളം കരുത്തുകാട്ടി

  • By ഷിബു ടി
Google Oneindia Malayalam News

Chandrasekharan
കേരളത്തിലെ സാസ്‌കാരിക-സാഹിത്യനായകര്‍ അവരുടെ പൗരുഷം വീണ്ടെടുത്തു. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടിട്ട് മാസം ഒന്നുകഴിഞ്ഞപ്പോഴെങ്കിലും നമ്മുടെ നായകരെല്ലാം ഒന്നൊത്തുകൂടാന്‍ സന്മനസ് കാട്ടി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും എല്ലാത്തരം അതിക്രമങ്ങളെയും ചെറുക്കണമെന്ന ആഹ്വാനവുമായാണ് ശനിയാഴ്ച തൃശൂരില്‍ എഴുത്തുകാരുടെയും സാമൂഹികപ്രവര്‍ത്തകരുടെയും കൂട്ടായ്മ പിരിഞ്ഞത്.

സക്കറിയ, സാറാ ജോസഫ്, ഡോ. എം ഗംഗാധരന്‍, എം ജി എസ് നാരായണന്‍, എം എന്‍ കാരശേരി, ബി ആര്‍ പി ഭാസ്‌കര്‍, പി സുരേന്ദ്രന്‍, കെ വേണു, ആഷാ മേനോന്‍, തോമസ് മാത്യു, എസ് ആര്‍ പരമേശ്വരന്‍, കെ പി സുധീര, എം ജി ശശി, പി എ വാസുദേവന്‍, യു കെ കുമാരന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച കൂട്ടായ്മ കൊലയാളികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരളീയ പൊതുസമൂഹത്തെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. ഒറ്റയ്ക്കും തെറ്റയ്ക്കും ഇവരില്‍ ചിലരൊക്കെ ചില പ്രതികരണങ്ങള്‍ നടത്തിയത് കണ്ടില്ലെന്നല്ല, എല്ലാവരും ഒറ്റക്കെട്ടായി അക്രമത്തിനെതിരെ പ്രതികരിക്കാന്‍ ഇറങ്ങുന്നത് കേരളം മുമ്പേ തന്നെ പ്രതീക്ഷിച്ചതാണ്.

സി പി എമ്മിനെതിരെ എന്തെങ്കിലും പറയാന്‍ സാധാരണഗതിയില്‍ സാഹിത്യ-സാംസ്‌കാരിക-സാമൂഹിക രംഗത്തുള്ളവര്‍ ഒന്നറയ്ക്കും. ടി പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷവും ഇതേ സ്ഥിതിയാണ്. ചന്ദ്രശേഖരന്റെ കൊലയാളികള്‍ ആരെന്നറിയാത്ത സ്ഥിതിയുള്ളതിനാല്‍ എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു ഇവരില്‍ പലരുടെയും ശങ്ക. ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ സി പി എമ്മാണെന്ന് സി പി എമ്മുകാര്‍ക്ക് പോലും 'ബോധ്യമായിട്ടും' സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് മാത്രം ഇക്കാര്യം ബോധ്യപ്പെട്ടിരുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വരെ സാഹിത്യ-സാംസ്‌കാരിക നായകരുടെ മൗനത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. നമ്മുടെ സാഹിത്യ-സാംസ്‌കാരിക നായകന്മാര്‍ക്ക് ധൈര്യം നല്‍കാന്‍ അവസാനം ബംഗാളില്‍ നിന്ന് തൊണ്ണൂറുകാരിയായ മഹാശ്വേതാ ദേവി വരേണ്ടിവന്നു. കോഴിക്കോട്ടെ ചടങ്ങില്‍ മഹാശ്വേതാദേവി സി പി എമ്മിനെതിരെ സ്വീകരിച്ച ശക്തമായ നിലപാട് വാര്‍ത്താമാധ്യമങ്ങളില്‍ നിന്ന് അറിയുകയുണ്ടായി. ഒഞ്ചിയത്തെത്തി ചന്ദ്രശേഖരന്റെ വിധവയെ ആശ്വസിപ്പിക്കാനും ഈ വന്ദ്യവയോധിക തയ്യാറായി.

ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായും ഇടതുപക്ഷ ഏകോപന സമിതിക്കാരുമായും ബന്ധം പുലര്‍ത്തുന്ന സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരൊഴികെ ആരും ഇതുവരെ അങ്ങോട്ടേയ്ക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഫെമിനിസ്റ്റുകളും മുമ്പ് നക്‌സല്‍ ബന്ധമുള്ള എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും അവിടെ എത്തിയിരുന്നു. അവരില്‍ ചിലരൊക്കെ എഴുതുകയും ചെയ്തു. ഇതാണ് നമ്മുടെ സാംസ്‌കാരിക കേരളം. ഇതിനിടെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും തൃശൂരില്‍ നടത്തിയ കൂട്ടായ്മ നടത്താന്‍ ധൈര്യം കാട്ടിയത് തന്നെ വലിയ കാര്യമാണ്.

തടിക്ക് കൊള്ളുന്ന കാര്യം വരുമ്പോള്‍ നമ്മുടെ സാംസ്‌കാരിക-സാഹിത്യനായകര്‍ ഒട്ടകപ്പക്ഷികളാകും. അക്കാദമികള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, അവാര്‍ഡുകള്‍, ഫെലോഷിപ്പുകള്‍, വേദികള്‍ ഇതൊക്കെ നമ്മുടെ നായകന്മാര്‍ ആഗ്രഹിക്കുന്നുണ്ട്. സി പി എമ്മിനെ പരസ്യമായി കുറ്റം പറയാന്‍ ഛെറിയൊരു ഭയവുമുണ്ട്. സ്വന്തമായി പ്രതികരിക്കില്ലെന്ന് മാത്രമല്ല, ആരെങ്കിലും പ്രതികരണം ചോദിച്ചാല്‍ 'ഞാനെന്താ പ്രതികരണത്തൊഴിലാളിയാണോ?' എന്ന് തിരിച്ചുചോദിക്കുകയും ചെയ്യും. ശരിയാണ് സാധാരണമനുഷ്യരെന്ന നിലയ്ക്ക് അവര്‍ പറയുന്നത് ശരിതന്നെയാണ്. എന്നാല്‍ നാം എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും കാണുന്നത് അങ്ങനെയല്ലാത്തതുകൊണ്ടാണ് ഇത്തരക്കാരുടെ പ്രതികരണം പ്രതീക്ഷിക്കുന്നത്. അപ്പോള്‍ തലയും പൂഴ്ത്തി, താനൊന്നുമറിഞ്ഞിട്ടില്ല എന്ന ഭാവത്തോടെ അവര്‍ വീട്ടിനകത്ത് കുത്തിയിരിക്കുന്നതാണ് പ്രശ്‌നം.

സി പി എമ്മല്ല, കോണ്‍ഗ്രസായാലും ബി ജെ പിയായാലും എന്‍ ഡി എഫായാലും ചെയ്യേണ്ടാത്തത് ചെയ്താല്‍ അത് തെറ്റെന്ന് പറയാന്‍ ആരെങ്കിലും മുന്നോട്ടുവരേണ്ടേ? നാട്ടിലെ ഒരു സാധാരണക്കാരന്‍ പ്രതികരിക്കാനിറങ്ങിയാല്‍ പിറ്റേന്ന് അവന്റെ കയ്യും കാലും തല്‍പ്പരകക്ഷികള്‍ തല്ലിയൊടിക്കും. അപ്പോള്‍ നാലാളറിയുന്ന സാഹിത്യ-സാംസ്‌കാരിക നായകരിലാണ് നമ്മുടെ ആശ്രയം. അവരെ അത്ര പെട്ടെന്നൊന്നും ആരും കൈവയ്ക്കില്ലെന്ന വിശ്വാസമാണ് ഇവര്‍ പ്രതികരിക്കുമെന്ന പ്രതീക്ഷയ്ക്ക് പിന്നിലുള്ളത്. അവരും തലപൂഴ്ത്തിയാല്‍ രക്തം തിളച്ച് മിണ്ടാതിരിക്കുന്ന മലയാളി എന്തുചെയ്യും?

നമ്മുടെ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പരസ്പരം കണ്ടുകൂടെന്നത് ഇടയ്ക്കിടെ ഇവര്‍ നടത്തുന്ന പ്രസ്താവനകള്‍ തന്നെ തെളിവാണ്. ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിന് വളമാകുമെന്ന പോലെ ഒരുത്തന്‍ ഒഴിഞ്ഞുകിട്ടുന്നത് അത്രയും നല്ലതെന്ന് കരുതുന്നവരാണ് ബഹുഭൂരിപക്ഷവും. എങ്കിലും സാധാരണ ജനങ്ങള്‍ എഴുത്തുകാരെയും സാമൂഹിക പ്രവര്‍ത്തകരെയും സാംസ്‌കാരിക നേതാക്കളെയും ഇപ്പോഴും പ്രതീക്ഷയോടെയാണ് നോക്കുന്നത്. കാര്യമായി ഒന്നും നടക്കില്ലെന്നറിയാമെങ്കിലും എന്തെങ്കിലും ഒന്ന് പറഞ്ഞാല്‍ അത്രയും നല്ലതെന്ന വിശ്വാസമാണ് ഇതിന് പിന്നില്‍.

English summary
Malayalam writers meeting held in the backdrop of the murder of TP Chandrasekharan.The meeting, moderated by rights activist B.R.P. Bhaskar and led by political commentator K. Venu.C.R.Parameswaran, M.G.S. Narayanan,Paul Zakaria, Asha Menon,K.P. Sudheera,Sarah Joseph,M. Gangadharan. M.N. Karassery Participated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X