ഫസല്‍ വധം: കാരായി രാജനും ചന്ദ്രശേഖരനും കീഴടങ്ങി
കൊച്ചി: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലി (27) നെ കൊലപ്പെടുത്തിയ കേസില്‍ ഏഴും എട്ടും പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനും കോടതിയില്‍ കീഴടങ്ങി. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയിലാണ് ഇരുവരും കീഴടങ്ങിയത്.
ഇരുവര്‍ക്കുമെതിരെ എറണാകുളം സിജെഎം കോടതി കഴിഞ്ഞ ദിവസം ജാമ്യമില്ലാ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. ഫസല്‍ വധക്കേസില്‍ ഗൂഢാലോചന നടത്തിയത് കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ഇരുവരും ഇന്ന് കോടതിയില്‍ കീഴടങ്ങുമെന്ന് ശക്തമായ അഭ്യൂഹമുണ്ടായിരുന്നു. ഇതിനായി ഇരുവരും എറണാകുളത്ത് എത്തി അഭിഭാഷകരുമായി ചര്‍ച്ച നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് കീഴടങ്ങല്‍. ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സിബിഐ ശനിയാഴ്ച അപേക്ഷ സമര്‍പ്പിയ്ക്കും.
ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ഇവര്‍ ഒളിവില്‍പ്പോയതോടെയാണ് അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി സിബിഐ കോടതിയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന്് കേസ് പരിഗണിച്ച കോടതി അടുത്ത മാസം അഞ്ചിനുള്ളില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ കൊടി സുനിക്കെതിരെ പ്രൊഡക്ഷന്‍ വാറന്‍ഡും കോടതി പുറപ്പെടുവിച്ചിരുന്നു. 2006ല്‍ കൊല്ലപ്പെട്ട ഫസല്‍ വധക്കേസിലെ ഒന്നാം പ്രതിയും കൊടി സുനിയാണ്.












Click it and Unblock the Notifications