രാജ പര്‍വേഷ് പാക് പ്രധാനമന്ത്രി സ്ഥാനത്തേക്ക്

മഖ്‌ദൂം ഷഹാബുദ്ദീനെയായിരുന്നു യൂസഫ് റാസ ഗിലാനിക്കു പകരക്കാരനായി ആദ്യം പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പത്രിക സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം പിന്‍വലിക്കേണ്ടി വന്നു.
ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി രാജാ പര്‍വേഷ് അഷ്‌റഫിനെ നിര്‍ദ്ദേശിച്ചത്. മുന്‍ ഊര്‍ജ-ഐടി മന്ത്രിയാണ് രാജ. വെള്ളിയാഴ്‌ച വൈക്കീട്ടു ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും.
ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് വന്‍ തോതില്‍ എഫെഡ്രിന്‍ വാങ്ങിയതില്‍ ക്രമക്കേട് ആരോപിച്ച് റാവല്‍പിണ്ടി ആന്റി നര്‍ക്കോട്ടിക് കോടതിയാണ് മഖ്‌ദൂം ഷഹാബുദ്ദീനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. നിലവില്‍ ടെക്‌സ്റ്റയില്‍ മന്ത്രിയാണ് ഷഹാബുദ്ദീന്‍.
ഇതോടെ പ്രധാനമന്ത്രി യോഗം രാജയ്‌ക്ക് വന്നു ചേരുകയാണുണ്ടായത്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് അന്തിമ പ്രഖ്യാപനം വരാനിരിക്കുന്നേയുള്ളൂ. ഗിലാനിയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും അയോഗ്യനാക്കി പാക് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതാണ് പാക്കിസ്ഥാനില്‍ ഈ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുക്കാന്‍ കാരണമായത്.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷഹാബുദ്ദീന്‍, രാജ എന്നിവര്‍ക്കു പുറമെ ഖമര്‍ സമന്‍ കയ്‌റോയും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഷഹാബുദ്ദീനെതിരെ അറസ്റ്റ് വാറന്റ് ഉള്ളതിനാല്‍ നിലവില്‍ രാജയ്‌ക്കും കയ്‌റോയ്‌ക്കും തുല്യ സാധ്യതയാണ് എന്നു പറയാം. എങ്കിലും കൂടുതല്‍ സാധ്യത രാജയ്‌ക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications