നെല്‍വയല്‍ നികത്തല്‍; സര്‍ക്കാരിനെതിരെ ഭരണകക്ഷി എം എല്‍ എമാര്‍

  • Posted By:
Subscribe to Oneindia Malayalam
Land Mafia
2005 വരെ നടന്ന നിലം നികത്തലിനും തണ്ണീര്‍ത്തടം നികത്തലിനും അംഗീകാരം നല്‍കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തത് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെയും മുസ്ലീം ലീഗ് നേതൃത്വത്തിന്റെയും സമ്മര്‍ദ്ദഫലമായാണെന്ന് വ്യക്തമായി. ഭൂരിപക്ഷം കോണ്‍ഗ്രസ് എം എല്‍ എമാരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ മന്ത്രിസഭാ തീരുമാനത്തിന് ശക്തമായ പ്രഹരം നല്‍കിക്കൊണ്ട് കോണ്‍ഗ്രസിലെ യുവ എം എല്‍ എമാര്‍ ഈ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് രൂപം നല്‍കിയ നെല്‍വയല്‍ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാല് കോണ്‍ഗ്രസ് എം എല്‍ എമാര്‍ കത്ത് നല്‍കിയതിനെ മുസ്ലീം ലീഗിലെ കെ എം ഷാജിയും പിന്തുണച്ചു. എം എല്‍ എമാരായ ടി എന്‍ പ്രതാപന്‍, വി ടി ബലറാം, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, എന്നിവരും കെ എം ഷാജിയുമാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വയല്‍ നികത്തലിന് അംഗീകാരം നേടിയെടുക്കാന്‍ കിണഞ്ഞുപരിശ്രമിച്ച ചില വിദേശ മലയാളി വ്യവസായികളുടെ ചരടുവലികളാണ് ഇതിന് പിന്നിലെന്ന് വ്യക്തമായതോടെയാണ് ഭരണകക്ഷി എം എല്‍ എമാര്‍ സ്വന്തം സര്‍ക്കാരിനെതിരെ തന്നെ തിരിഞ്ഞത്.

വയല്‍ നികത്തലിന് അംഗീകാരം നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ ശക്തമായ ചരടുവലിച്ചത് ലീഗ് മന്ത്രിമാരിലെ പ്രമുഖരാണ്. തരിശുകിടക്കുന്ന ഭൂമിയെ വ്യവസായസംരംഭങ്ങള്‍ക്കായി നോട്ടിഫൈ ചെയ്യണമെന്ന് വ്യവസായവകുപ്പ് നേരത്തെ തന്നെ ആവശ്യമുന്നയിച്ചിരുന്നതാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പ് മൂലം ഈ നടപടി നീണ്ടുപോയെങ്കിലും സര്‍ക്കാരിലും സര്‍ക്കാരിന് പുറത്തുമുള്ളവരുടെ സമ്മര്‍ദ്ദം അവസാനം വിജയം കാണുകയായിരുന്നു. വന്‍കിട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് വന്‍തോതില്‍ നിക്ഷേപം നടത്തിയിരിക്കുന്ന വ്യവസായികളില്‍ ചിലര്‍ ഒറ്റക്കെട്ടായി നടത്തിയ നീക്കങ്ങളാണ് മന്ത്രിസഭാ തീരുമാനമായി പുറത്തുവന്നത്.

മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയപ്പോള്‍ തന്നെ ടി എന്‍ പ്രതാപന്‍ അടക്കമുള്ള എം എല്‍ എമാര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വി എം സുധീരന്‍ പരസ്യമായിത്തന്നെ പ്രതിഷേധിച്ചു. ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വവും ഈ നീക്കത്തെ എതിര്‍ത്തു. ഇതിനിടെയാണ് കോണ്‍ഗ്രസിലെ യുവ എം എല്‍ എമാര്‍ നിലംനികത്തലിനെതിരെ കടുത്തഭാഷയില്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്.

ലാഭക്കൊതിയന്‍മാരായ ഭൂമാഫിയയില്‍ നിന്ന് കൃഷിഭൂമിയെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുക എന്നത് ഉദ്യോഗസ്ഥരുടെ ബാധ്യതയാക്കണമെന്നും എം എല്‍ എമാര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നെല്‍വയല്‍ സംരക്ഷണ നടപടികളുടെ ചുമതല തദ്ദേശസ്വയംഭരണം, കൃഷി, റവന്യു വകുപ്പുകള്‍ ഏറ്റെടുക്കണമെന്നും എം എല്‍ എമാര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് എം എല്‍ എമാരോടൊപ്പം ഈ വിഷയത്തില്‍ പിന്തുണ അറിയിച്ച് കെ എം ഷാജിയും കത്തില്‍ ഒപ്പുവച്ചത് മുസ്ലീം ലീഗിന് കടുത്ത പ്രഹരമായിരിക്കുകയാണ്. ലീഗില്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധനായ ഷാജിയുടെ നീക്കം ഈ വിഷയത്തില്‍ ലീഗ് നേതൃത്വം നടത്തിയ ഇടപെടലിനെതിരെയാണെന്ന് വ്യക്തമാണ്.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തും വിദേശവ്യവസായികള്‍ നിലംനികത്തലിന് അംഗീകാരം നേടിയെടുക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് ധനമന്ത്രി തോമസ് ഐസക്ക് 2007 വരെയുള്ള നികത്തലിന് പിഴയീടാക്കി അംഗീകാരം നല്‍കാമെന്ന് ബജറ്റ് പ്രസംഗത്തില്‍ തന്നെ പ്രഖ്യാപിച്ചത്. എന്നാല്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെയും സി പി ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെയും എതിര്‍പ്പുമൂലം ഈ പ്രഖ്യാപനം നടപ്പിലായിരുന്നില്ല. ഇതെത്തുടര്‍ന്നാണ് സര്‍ക്കാര്‍ മാറിവന്നപ്പോള്‍ തന്നെ ഇതിനായുള്ള ചടരുവലികള്‍ നടന്നതും അത് ഏറെക്കുറെ വിജയം കണ്ടതും.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണ നിയമത്തിന് പുല്ലുവില നല്‍കിക്കൊണ്ടാണ് ഭൂമാഫിയയ്ക്കും വന്‍കിട നിര്‍മ്മാണക്കാര്‍ക്കും വേണ്ടി യു ഡി എഫ് സര്‍ക്കാര്‍ വയല്‍ നികത്തിയതിന് അനുമതി നല്‍കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇത് കോണ്‍ഗ്രസിലും മുന്നണിയിലും ശക്തമായ എതിര്‍പ്പ് വിളിച്ചുവരുത്തിയതിനാല്‍ തല്‍ക്കാലം വിമര്‍ശനങ്ങളൊതുങ്ങാന്‍ കാത്തിരിക്കുകയാണ് തല്‍പ്പരകക്ഷികള്‍.

വന്‍തോതില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വാങ്ങിക്കൂട്ടി നികത്തിയെടുത്ത വന്‍കിട വ്യവസായികള്‍ക്ക് ശതകോടികളുടെ മുതല്‍മുടക്കാണ് വര്‍ഷങ്ങളായി നിയമങ്ങളുടെ നൂലാമാലകള്‍ക്കിടെ സ്തംഭിച്ചുകിടക്കുന്നത്. നെല്‍വയല്‍ നികത്തല്‍ നിയന്ത്രണം നീക്കിക്കിട്ടാന്‍ എന്ത് ചെയ്യാനും ഇവര്‍ തയ്യാറാണ്. ഇക്കൂട്ടരുടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും ഇവര്‍ക്ക് ഒത്താശ ചെയ്യുന്നവരുടെയും കണ്ണ് മഞ്ഞളിപ്പിച്ചെന്നാണ് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ അടക്കം പറയുന്നത്.

English summary
Rice fields to land mafia, four congress MLA's and one league MLA opposing UDF stand.
Please Wait while comments are loading...