സംവിധായകന്റെ മകന്‍ മുങ്ങിമരിച്ചു
ചെന്നൈ: സ്വകാര്യ സ്‌കൂളിലെ നീന്തല്‍ക്കുളത്തില്‍ പരിശീലനത്തിനിടെ നാലാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചലച്ചിത്ര സംവിധായകന്‍ മനോഹരന്റെ മകന്‍ രഞ്ജന്‍ (10) ആണ് കെകെ നഗറിലെ പിഎസ്ബിബി സ്‌കൂളില്‍ രാവിലെ നീന്തല്‍ പരിശീലനത്തിനിടെ മരിച്ചത്.
രാവിലെ പത്ത് മണിയോടെ നീന്തല്‍ പരിശീലന ക്ലാസില്‍ സഹപാഠികളായ മറ്റ് 25 കുട്ടികളോടൊപ്പം പങ്കെടുക്കവെയാണ് അപകടം. പരിശീലനം കഴിഞ്ഞ് കുട്ടികള്‍ നീന്തല്‍ക്കുളത്തില്‍ നിന്ന് കരയിലേക്ക് കയറിയെങ്കിലും രഞ്ജനെ കാണാത്തതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നീന്തല്‍ പരിശീലകനായ രാജശേഖരനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാജശേഖരനും സഹായി അരുള്‍കുമാറും എത്തി പരിശോധിച്ചപ്പോള്‍ രഞ്ജന്‍ കുളത്തില്‍ പൊങ്ങി കിടക്കുന്നതായി കണ്ടു.
കുട്ടിയെ സ്‌കൂളധികൃതര്‍ ഉടനെ സമീപത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം റോയപ്പേട്ട ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നീന്തല്‍ പരിശീലനം അവസാനിക്കുംവരെ ട്രെയിനര്‍ കുട്ടികളെ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കുട്ടികളെ നീന്തല്‍ പരിശീലിപ്പിയ്ക്കാനായി ഒരു സ്വകാര്യ ഏജന്‍സിയെയാണ് സ്‌കൂള്‍ നിയോഗിച്ചിരുന്നത്. ഇവര്‍ നാല് നീന്തല്‍ പരിശീലകരെ നിയോഗിച്ചിരുന്നെങ്കിലും സംഭവസമയത്ത് ഒരാള്‍ പോലും സ്വമ്മിങ് പൂളിനരികില്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നാല് നീന്തല്‍ പരിശീലകരെയും സ്‌കൂളിലെ ഫിസിക്കല്‍ ട്രെയിനറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിയ്ക്കുന്നത്.
പരിശീലനത്തിനിടെ കുളത്തിന്റെ അടിവശത്ത് പതിച്ചിട്ടുള്ള ടൈല്‍സില്‍ രഞ്ജന്റെ തലയിടിച്ച് പരിക്കേറ്റെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നീന്തലിന് ഇടയില്‍ രഞ്ജന് ചുമയും ശ്വാസം മുട്ടലുമുണ്ടായെന്നും തുടര്‍ന്ന് നീന്തല്‍ക്കുളത്തില്‍ നിന്ന് പുറത്തേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ട്രെയിനര്‍ എത്തി പരിശോധിച്ചപ്പോള്‍ അബോധാവസ്ഥയില്‍ക്കണ്ട രഞ്ജനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നുവെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications