ബലാത്സംഗക്കുറ്റത്തിന് വധശിക്ഷ വേണോ?...2
രാജ്യവ്യാപകമായി സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. തലസ്ഥാനമായ ദില്ലിയില്‍ പോലും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഉയരുന്നു. ഈയിടെ മൗലാന ആസാദ് മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥിനി പകല്‍വെളിച്ചത്തിലാണ് ബലാത്സംഗത്തിന് ഇരയായത്. 2003 ജനവരി മുതല്‍ ജൂലായ് വരെയുള്ള കണക്കെടുത്താന്‍ ദില്ലിയില്‍ മാത്രം 229 ബലാത്സംഗങ്ങളും 243 ബലാത്സംഗശ്രമങ്ങളും നടന്നു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കാര്യമായ പ്രതികരണം ഉണ്ടാകുന്നില്ല. നിയമത്തിന്റെ പഴുതുകളിലൂടെ പലപ്പോഴും കുറ്റവാളികള്‍ രക്ഷപ്പെടുകയാണ്. പലപ്പോഴും ബലാത്സംഗക്കേസില്‍ സാക്ഷികളായി വരുന്നവര്‍ വിചാരണ തീരുമ്പോഴേക്കും കുറ്റവാളിയുടെ പക്ഷം ചേരുന്ന പതിവും കൂടിവരുന്നു. സമൂഹത്തിലെ ഉന്നതശ്രേണികളില്‍ പെട്ടവരാണ് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ എന്നും കണക്കുകള്‍ തെളിയിക്കുന്നു.
സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കുന്ന ഒരു കാലത്ത് മാത്രമേ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പാടെ ഇല്ലാതാകൂ. പക്ഷെ സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം നല്കുന്ന കാര്യത്തില്‍ പുരുഷന്മാരുടെ ആധിപത്യമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാം എതിരുനില്ക്കുന്നു. ഇക്കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും സമാജ്വാദിയും, എന്തിന് ഇടതുപാര്‍ട്ടികള്‍ പോലും എതിരാണ്. അല്ലെങ്കില്‍ എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും തിരഞ്ഞെടുക്കപ്പെടുന്ന മറ്റ് സമിതികളിലും 33 ശതമാനം സംവരണം വാഗ്ദാനം ചെയ്യുന്ന വനിതാ സംവരണബില്‍ ഇപ്പോഴും പാസാക്കാതെ പൊടിപിടിച്ച് കിടക്കുന്നത്? ഇതിന് ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഒരു രാഷ്ട്രീയനേതാവിനും മിണ്ടാട്ടമില്ല.
ഈയവസരത്തില്‍ ബലാത്സംഗക്കുറ്റത്തിന്റെ കാര്യത്തില്‍ നിയമത്തെ കൂടുതല്‍ ബലപ്പെടുത്തിയേ തീരു. പ്രധാന ചോദ്യം ഇതാണ്: സ്ത്രീകള്‍ക്കെതിരായ ബലാത്സംഗക്കുറ്റത്തിന് വധശിക്ഷ നല്കണോ? ഇക്കാര്യത്തില്‍ വായനക്കാരായ നിങ്ങളുടെ പ്രതികരണം പ്രധാനമാണ്.












Click it and Unblock the Notifications