എമേര്‍ജിങ് കേരളയിലെ പദ്ധതികള്‍ പുനപരിശോധിക്കും

ചീഫ് സെക്രട്ടറിയുടെ പുനപരിശോധനകള്‍ക്ക് ശേഷമേ ഇനി പദ്ധതികളെക്കുറിച്ച് വെബ്‌സൈറ്റില്‍ വിവരം നല്‍കൂ. വിവാദ പദ്ധതികള്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്യും. എമേര്‍ജിങ് കേരളയിലെ എല്ലാ പദ്ധതിക്കും പരിസ്ഥിതി ആഘാത പഠനം നടത്തും. പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് നിക്ഷേപ ബോര്‍ഡ് രൂപീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
എമേര്‍ജിങ് കേരളയില്‍ ധാരണാപത്രങ്ങള്‍ ഒപ്പുവയ്ക്കില്ല. പകരം ആശയങ്ങള്‍ പങ്കു വയ്ക്കുകയാണ് ലക്ഷ്യം. കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനമാണെന്ന് ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആശങ്കകളും പരാതികളും പരിഹരിച്ചു മാത്രമെ സര്‍ക്കാര്‍ മുന്നോട്ട് പോവുകയുള്ളൂ. അതിനുള്ള വേദി കൂടിയാണ് എമേര്‍ജിങ് കേരള.
എമേര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന പദ്ധതികള്‍ എല്ലാം തന്നെ പരിശോധന കൂടാതെ നല്‍കിയവയാണ്. ഇനി സൈറ്റില്‍ നല്‍കുന്ന പദ്ധതികളെല്ലാം തന്നെ സ്‌ക്രീനിംഗിന് ശേഷമെ നല്‍കുകയുള്ളൂ.
എമേര്‍ജിങ് കേരളയില്‍ ഏതെല്ലാം പദ്ധതികള്‍ വന്നു എന്ന് ജനങ്ങള്‍ക്ക് അറിയുന്നതിന് വേണ്ടിയാണ് സൈറ്റില്‍ അവ നല്‍കിയത്. അതിനെ കുറിച്ച് വിവാദം ഉണ്ടായ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി പരിശോധിച്ച് അനുമതി നല്‍കുന്നവ മാത്രമെ സൈറ്റില്‍ നല്‍കുകയുള്ളൂ. 12ന് തുടങ്ങുന്ന എമേര്‍ജിങ് കേരള പദ്ധതിക്ക് മുന്‍പ് ചീഫ് സെക്രട്ടറിയുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരാഴ്ചത്തെ റേഷന്‍ സൗജന്യമായി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.












Click it and Unblock the Notifications