നൈജീരിയയില്‍ 46 വിദ്യാര്‍ഥികളെ വെടിവച്ചു കൊന്നു
അബുജ: വടക്കന്‍ നൈജീരിയയിലെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പട്ടാളവേഷം ധരിച്ചെത്തിയ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ 46 വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഒട്ടേര്‍പ്പേര്‍ക്ക് പരിക്കേറ്റു.
മുബി നഗരത്തിലുള്ള അഡമാവാ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലാണ് വെടിവെപ്പ് നടന്നത്. അക്രമികള്‍ ഓരോരോ മുറികളിലായി കയറിയിറങ്ങി വിദ്യാര്‍ത്ഥികളുടെ പേര് ചോദിച്ചശേഷം വെടിവെച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് സൂചനയുണ്ട്. ഇസ്ലാമിക തീവ്രവാദികളുടെ ശക്തികേന്ദ്രമാണ് ഇവിടം. നൈജീരിയയുടെ 52 ാം സ്വാതന്ത്ര്യ ദിനത്തിലാണ് വെടിവെപ്പ് നടന്നത്. തീവ്രവാദ സംഘടനയായ ബോകോ ഹറാമാണ് വെടിവെപ്പിന് പിന്നിലെന്ന് സംശയിക്കുന്നു.
ബൊക്കോ ഹറാം തീവ്രവാദികളുമായി വിദ്യാര്‍ഥികള്‍ക്ക് ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച പോലീസ് ഇവിടെ റെയ്ഡ് നടത്തിയിരുന്നു. ഗ്രനേഡുകളും നാടന്‍ ബോംബുകളും കത്തികളും റൈഫിളുകളുമടക്കും നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു.
വെടിവെപ്പിന് മുന്‍പ് അക്രമികള്‍ വിദ്യാര്‍ത്ഥികളുടെ പേര് ചോദിച്ചറിഞ്ഞത് എന്തിനെന്ന് വ്യക്തമല്ല. യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചവര്‍. അക്രമത്തെ തുടര്‍ന്ന് കോളെജ് അടച്ചിട്ടിരിയ്ക്കുകയാണ്. വിദ്യാര്‍ഥികളില്‍ ചിലര്‍ ഒളിവില്‍പ്പോയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications