വാര്‍ത്ത മുക്കാന്‍ ചാനല്‍ ചോദിച്ചത് 100 കോടി രൂപ
ദില്ലി: കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് പ്രമുഖ വാര്‍ത്താ ചാനലായ സീ ന്യൂസ് 100 കോടി രൂപ കോഴചോദിച്ചതായി പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് എംപിയുമായ നവീന്‍ ജിന്‍ഡാല്‍.
കല്‍ക്കരി കുംഭകോണത്തില്‍ നേട്ടം ലഭിച്ചതായി പറയപ്പെടുന്ന കമ്പനികളിലൊന്നാണ് രാജ്യസഭാംഗമായ നവീന്‍ ജിന്‍ഡാലിന്റെ ഉടമസ്ഥതയിലുള്ള ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ്. പരസ്യം നല്‍കിയില്ലെങ്കില്‍ ജിന്‍ഡല്‍ അവിഹിതമായി കല്‍ക്കരി ഖനികള്‍ സ്വന്തമാക്കിയെന്നു വാര്‍ത്ത പുറത്തുവിടുമെന്നു ടിവി ചാനല്‍ കമ്പനിയിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു വാര്‍ത്താസമ്മേളനത്തി ല്‍ അദ്ദേഹം ആരോപിച്ചു. ഇതിനുളള തെളിവായി ചില സിഡികളും അദ്ദേഹം ഹാജരാക്കി. ചാനലിന്റെ ബ്ലാക്‌മെയിലിംഗ് പുറത്തുകൊണ്ടുവരാന്‍ തന്റെ കമ്പനി ഒളികാമറ തന്ത്രം പ്രയോഗിച്ചതായി അദ്ദേഹം പറഞ്ഞു.
ചാനലിന്റെ വാര്‍ത്താവിഭാഗം തലവന്‍ സമീര്‍ ചൗധരി, ബിസിനസ് തലവന്‍ സാമിര്‍ അഹ്ലുവാലിയ എന്നിവര്‍ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് ഉദ്യോഗസ്ഥരോട് പണം ചോദിക്കുന്നതിന്റെ ഒളി കാമറാദൃശ്യങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്.
സീ ന്യൂസ് അധികൃതര്‍ സെപ്റ്റംബര്‍ 13 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ പണം ആവശ്യപ്പെട്ട് മൂന്നുതവണ തങ്ങളുമായി ചര്‍ച്ച നടത്തിയതായി നവീന്‍ ജിന്‍ഡാല്‍ പറഞ്ഞു. കല്‍ക്കരി കുംഭകോണത്തില്‍ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന്റെ ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങളും തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും അത് പുറത്തുവിടാതിരിക്കാന്‍ പണംനല്‍കണമെന്നുമായിരുന്നു ആവശ്യം.
ആദ്യം 25 കോടിയാണ് ചോദിച്ചത്. പിന്നീട് 100 കോടിയായി ഉയര്‍ത്തി. നാലു വര്‍ഷത്തിനിടെ അത്രയും തുകയുടെ പരസ്യം നല്‍കണമെന്നായിരുന്നു സീ ന്യൂസ് മേധാവികളുടെ ആവശ്യം. മാധ്യമപ്രവര്‍ത്തനത്തെ അവഹേളിക്കുന്ന ഈ നടപടി പുറത്തുകൊണ്ടുവരാന്‍ തീരുമാനിച്ച തങ്ങള്‍ ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തുകയും പരസ്യം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വ്യാജ കരാര്‍ ഉണ്ടാക്കുകയും ചെയ്യുകയായിരുന്നുവെന്ന് ജിന്‍ഡാല്‍ തുടര്‍ന്നു. കരാറിന്റെ പകര്‍പ്പും അദ്ദേഹം വിതരണം ചെയ്തു. ്
ചാനല്‍ പ്രതിനിധികളുടെ പെരുമാറ്റം ലജ്ജാകരമായ ബ്ലാക്ക്‌മെയിലിംഗിന്റെ ഭാഗമാണെന്നും അത് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള തത്ത്വങ്ങള്‍ക്കു വിരുദ്ധമാണെന്നും ജിന്‍ഡാല്‍ പറഞ്ഞു. സീ ന്യൂസിനെതിരേ ക്രിമിനല്‍ കേസ് നല്‍കിയിട്ടുണെ്ടന്നു മാത്രമല്ല, റിക്കാര്‍ഡ് ചെയ്ത കാര്യങ്ങള്‍ രേഖയിലുമാക്കിയിട്ടുണ്ട്. ചാനലുമായി ബന്ധപ്പെട്ട മറ്റു സുപ്രധാന തെളിവുകളും തങ്ങളുടെ പക്കലുണെ്ടന്നും ജിന്‍ഡാല്‍ അവകാശപ്പെട്ടു.
എന്നാല്‍, നവീന്‍ ജിന്‍ഡാല്‍ പുറത്തുവിട്ട ഒളികാമറാ ദൃശ്യം എഡിറ്റ് ചെയ്ത് വളച്ചൊടിച്ചതാണെന്ന് സീ ന്യൂസിനു വേണ്ടി സമീര്‍ ചൗധരി, സാമിര്‍ അഹ്ലുവാലിയ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. പണം വാഗ്ദാനം ചെയ്ത് തങ്ങളെ വിലക്കെടുക്കാന്‍ ശ്രമിക്കുകയാണ് നവീന്‍ ജിന്‍ഡാലിന്റെ ആളുകള്‍ ചെയ്തതെന്നും അതിന് വഴങ്ങാതിരുന്നതിനാലാണ് ആരോപണമുന്നയിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications