കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തതാരകം പൊലിഞ്ഞു

  • By Ajith Babu
Google Oneindia Malayalam News

PG
തിരുവനന്തപുരം: മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 11.15ഓടെയായിരുന്നു അന്ത്യം.

വൃക്കയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി രോഗം ബാധിച്ച് ആഴ്ചകളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍നടക്കും. കഴിഞ്ഞ ആറു പതിറ്റാണ്ടായി കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ വൈജ്ഞാനിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പിജിയുടെ നിര്യാണത്തോടെ സൈദ്ധാന്തികരംഗത്തെ ആചാര്യനെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് നഷ്ടമായിരിക്കുന്നത്.

പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ 1926 മാര്‍ച്ച് 25 ന് പരമേശ്വരന്‍ പിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ച പിജി ബാല്യകാലം ചെലവവഴിച്ചത് യാഥാസ്ഥിതിക ചുറ്റുപാടുകളിലായിരുന്നു. പിജിയില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്ന കുടുംബം മികച്ച വിദ്യാ്യാസമാണ് അദ്ദേഹത്തിന് നല്‍കിയത്. യാഥാസ്ഥിതികനായിരുന്നെങ്കിലും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനോടും കോണ്‍ഗ്രസിനോടും അനുഭാവമുള്ളയാളായിരുന്നു പിജിയുടെ പിതാവ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയ യോഗങ്ങളുടെ വേദി കൂടിയായിരുന്നു അക്കാലത്ത് പിജിയുടെ വീട്.

സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ രാജ്യം വെന്തുരുകുന്നത് കണ്ടുകൊണ്ടാണ് പിജി കൗമാരം പിന്നിട്ടത്. വീട്ടില്‍ നടന്നിരുന്ന പാര്‍ട്ടി പരിപാടികള്‍ പിജിയെ കോണ്‍ഗ്രസ് ആശയങ്ങളിലേക്ക് ആകര്‍ഷിച്ചു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ആലുവ യു.സി കോളജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്ന അദ്ദേഹം കോണ്‍ഗ്രസുമായി കൂടുതല്‍ അടുത്തു. 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു. പി.കെ വാസുദേവന്‍ നായര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരുമായുള്ള സൗഹൃദമാണ് പുതിയ ആശയങ്ങളിലേക്ക് അദ്ദേഹത്തെ വഴിതിരിച്ചുവിട്ടത്.

ഇതിനിടെ പ്രമുഖ കമ്മ്യൂണിസ്റ്റ് ജനകീയ നേതാവായ പി. കൃഷ്ണപിളളയെ പരിചയപ്പെടാനിടയായത് പിജിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. കമ്മ്യൂണിസം പിജിയുടെ ജീവിതചര്യയായി മാറിയത് ഈ കണ്ടുമുട്ടലായിരുന്നു. ഉപരിപഠനത്തിനായി മുംബൈയിലെ വിഖ്യാതമായ സെന്റ് സേവ്യേഴ്‌സ് കോളജിലേക്ക് പോയെങ്കിലും ഇക്കാലത്തും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു.

കമ്മ്യൂണിസ്റ്റ് സമരങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അദ്ദേഹം അറസ്റ്റിലായി. 16 മാസത്തെ തടവുശിക്ഷയ്ക്ക് ശേഷം പാര്‍ട്ടി നിര്‍ദേശപ്രകാരം ബിരുദപഠനം പൂര്‍ത്തിയാക്കാതെ കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം കര്‍ഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. 1952 ല്‍ പെരുമ്പാവൂരില്‍ നിന്ന് തിരുകൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് ആദ്യ തിരഞ്ഞെടുപ്പ് വിജയം.

ഇരുപത്തിയഞ്ചാം വയസില്‍ സിപിഐ സംസ്ഥാന സമിതിയംഗമായ പിജിയെ 1954 ല്‍ പാര്‍ട്ടി ദില്ലിയ്ക്കയച്ചു. ഇവിടെ വെച്ചാണ് ഇഎംഎസ്, എകെജി തുടങ്ങിയവരുമായി അടുത്ത് സഹകരിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്. ഐക്യകേരളത്തില്‍ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പില്‍ പിജി പെരുമ്പാവൂരില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു.

വിമോചന സമരത്തെ തുടര്‍ന്ന് 59 ല്‍ നിയമസഭ പിരിച്ചുവിട്ടതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ കെ.എം ചാക്കോയോട് പരാജയപ്പെട്ടു. 60 കളുടെ തുടക്കത്തില്‍ വീണ്ടും ദില്ലിയിലേക്ക് പോയ പിജി പാര്‍ട്ടിക്കു കീഴിലുള്ള പീപ്പിള്‍സ് പബ്ലീഷിംഗ് ഹൗസില്‍ പ്രവര്‍ത്തിച്ചു.

1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പിജി സിപിഎമ്മിനൊപ്പം നിലകൊണ്ടു. തുടര്‍ന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്ത അദ്ദേഹം 67 ല്‍ പെരുമ്പാവൂരില്‍ നിന്നു തന്നെ വീണ്ടും നിയമസഭയിലെത്തി. എന്നാല്‍ പിന്നീടുണ്ടായ ചില അപ്രതീക്ഷിത സംഭവങ്ങള്‍ പിജിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സിപിഎമ്മിനെ നിര്‍ബന്ധിതമാക്കി.

സൈലന്റ് വാലി വിവാദത്തില്‍ സി.പി.എം നയത്തിനു വിരുദ്ധമായി ശാസ്ത്ര സാഹിത്യ പരിഷത്തിനോടൊപ്പം നിന്നു പദ്ധതിയെ എതിര്‍ത്ത പി.ജി, പാര്‍ട്ടിയുടെ അപ്രീതിക്കു പാത്രമായെങ്കിലും നിക്ഷ്പക്ഷമതികളുടെ പ്രശംസ നേടി. അടിയന്തരാവസ്ഥക്കാലത്തു നക്‌സലൈറ്റ് നേതാവായ കെ. വേണുവിനെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചു എന്ന കുറ്റത്തിനും പാര്‍ട്ടിയുടെ വിമര്‍ശനം ഏറ്റുവാങ്ങി. ഇതേ തുടര്‍ന്ന് 1983 ല്‍ അദ്ദേഹം ദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഒഴിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഇടവേളയുണ്ടായെങ്കിലും സാംസ്‌കാരികമേഖലയിലെ പിജിയുടെ നിറസാന്നിധ്യം പാര്‍ട്ടിക്ക് തള്ളിക്കളയാന്‍ കഴിഞ്ഞിരുന്നില്ല.

ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം 1998 ല്‍ മുകുന്ദപുരത്ത് നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന പിജി 80 കളുടെ മധ്യത്തോടെ കേരള പ്രസ് അക്കാദമിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജീവിതകാലം മുഴുവന്‍ പാര്‍ട്ടിയോട് കൂറു പലര്‍ത്തിയിരുന്നപ്പോഴും പാര്‍ട്ടിയുടെ നയങ്ങളുമായി പൊരുത്തപ്പെടാന്‍ ഗോവിന്ദപ്പിള്ളയ്ക്ക് പലപ്പോഴും കഴിയാതെ വന്നിട്ടുണ്ട്. അതുകൊണ്ട് പിജിയുടെ നാവിനെയും തൂലികയെയും അടക്കിയിരുത്താന്‍ പാര്‍ട്ടിയ്ക്ക് പലതവണ ഇടപെടേണ്ടതായും വന്നു. 2003 ല്‍ ഒരു മലയാളം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടിയെക്കുറിച്ചും ഇഎംഎസിനെക്കുറിച്ചും വിമര്‍ശനാത്മകമായ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പാര്‍ട്ടി അദ്ദേഹത്തെ പരസ്യമായി ശാസിക്കുകയും സംസ്ഥാന സമിതിയില്‍ നിന്നും തരംതാഴ്ത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ പ്രത്യക്ഷമായി സജീവമായിരുന്നില്ല.

പിജി രചിച്ച പുസ്തകങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും കയ്യുംകണക്കുമില്ല. വീര ചരിതയായ വിയറ്റ്‌നാം, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്‍ക്‌സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, മഹാഭാരതം മുതല്‍ മാര്‍ക്‌സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്‌സിസ്റ്റ് വീക്ഷണം, ആഗോളവല്‍ക്കരണം സംസ്‌കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പ്രധാന കൃതികള്‍. നിരവധി കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അദ്ദേഹം ഇ എം എസ് സമ്പൂര്‍ണ കൃതികളുടെ എഡിറ്റാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സ്വദേശാഭിമാനി പുരസ്‌കാരം, ശങ്കരനാരായണന്‍തമ്പി പുരസ്‌കാരം, പ്രസ് അക്കാദമി അവാര്‍ഡ് അടക്കം ഒട്ടേറെപുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ നിന്ന് ഫിലോസഫി പ്രഫസറായി വിരമിച്ച എം.ജെ രാജമ്മയാണ് ഭാര്യ, പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഇന്ത്യടുടെയുടെ കേരള ലേഖകന്‍ രാധാകൃഷ്ണന്‍ എം.ജി, ആര്‍. പാര്‍വതി ദേവി (പിആര്‍ഒ, കുടുംബശ്രീ) എന്നിവരാണ് മക്കള്‍, ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞയായ ജയശ്രീ, എംഎല്‍എയും മുന്‍ തിരുവനന്തപുരം മേയറും ആയ വി. ശിവന്‍കുട്ടി എന്നിവര്‍ മരുമക്കളാണ്.

English summary
Renowned Leftist writer and former Chief Editor of Deshabhimani daily P Govinda Pillai breathed his last at a private hospital in Thiruvananthapuram. He was 86
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X