മകനെ ചീത്തവിളിച്ച ഇന്ത്യന്‍ ദമ്പതിമാര്‍ പിടിയില്‍

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ആന്ധ്ര സ്വദേശി ചന്ദ്രശേഖറും ഭാര്യ അനുപമയുമാണ് അറസ്റ്റിലായത്. ഇവരെ മോചിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് ഓസ്ലോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
മക്കളെ ഒപ്പം കിടത്തിയുറക്കിയതിനു ബംഗാളി ദമ്പതിമാര്‍ക്കെതിരേ നടപടിയെടുക്കുകയും മൂന്നും നാലും വയസുള്ള കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിലാക്കുകയും ചെയ്ത നോര്‍വെ അധികൃതരുടെ നടപടി നേരത്തേ ഇന്ത്യയില്‍ വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
18 വയസുവരെ കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ വളര്‍ത്താനുള്ള നീക്കം വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്നു പിന്‍വലിച്ച നോര്‍വെ അധികൃതര്‍, കോല്‍ക്കത്തയിലുള്ള പിതൃസഹോദരന് ഇരുവരെയും കൈമാറുകയായിരുന്നു.
ഈ വര്‍ഷമാദ്യമാണ് ചന്ദ്രശേഖറും അനുപമയും മക്കളായ സായ് ശ്രീരാമും അഭിരാമും ഓസ്ലോയിലെത്തിയത്. ഫെബ്രുവരിയില്‍ ബസില്‍ മൂത്രമൊഴിച്ച കുട്ടിയോട് ഇനിയിതാവര്‍ത്തിച്ചാല്‍ നാട്ടിലേക്ക് അയയ്ക്കുമെന്ന് പറഞ്ഞതാണ് പിതാവ് ചന്ദ്രശേഖരന് വിനയായത്. കുറച്ച് ദിവസങ്ങള്‍ക്ക് കുട്ടി ്ക്ലാസിനുള്ളില്‍ മൂത്രമൊഴിച്ചിരുന്നു. ഇക്കാര്യം വീട്ടിലറിഞ്ഞാല്‍ അച്ഛന്‍ തന്നെ ശാസിയ്ക്കുമെന്നും നാട്ടിലേക്ക് തിരിച്ചയ്ക്കുമെന്നും ശ്രീരാം അധ്യാപകരോട് പറഞ്ഞിരുന്നു. ഇതാണ് ചന്ദ്രശേഖരനെയും അനുപമയെയും ജയിലിലെത്തിച്ചത്.
ജൂലൈയില്‍ നാട്ടില്‍ വന്ന ചന്ദ്രശേഖര്‍ ഒക്‌റ്റോബറില്‍ തിരികെ ഓസ്ലോയിലെത്തിയപ്പോള്‍ അധികൃതര്‍ നോട്ടീസ് നല്‍കുകയായിരുന്നു. എന്താണു കുറ്റമെന്ന് അറസ്റ്റിലായശേഷമാണു മനസിലായതെന്ന് ഇക്കാര്യം നാട്ടിലറിയിച്ച ഓസ്ലോയിലെ അയല്‍ക്കാരന്‍ അറിയിച്ചതായി ചന്ദ്രശേഖറിന്റെ മരുമകന്‍ ശൈലേന്ദര്‍ പറഞ്ഞു.
ഇവരുടെ മോചനത്തിനായി ഇടപെടാമെന്ന് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications