നാവികര്‍ക്ക് ഇറ്റലിയില്‍ ക്രിസ്മസ് ആഘോഷിക്കണം

അതിനിടെ കസ്റ്റഡിയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരായ ലൊത്തേറൊ മാസിമിലാനോ, സാല്‍വത്തോറ ജിറോണ്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ക്രിസ്മസ് ആഘോഷിക്കുന്നതിന് ഇറ്റലിയില്‍ പോകാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അതിനായി ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്നും നാവികര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രവരി മുതല്‍ ഇറ്റാലിയന്‍ നാവികര്‍ എന്നിവര്‍ തടവില്‍ കഴിയുകയാണ്. വെടിവെപ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയ്ക്ക് പുറത്ത് രാജ്യാന്തര കപ്പല്‍ച്ചാലിലാണെന്നും അതുകൊണ്ട് കേസിന്റെ വാദം ഇറ്റലിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ഇറ്റലി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദം മൂന്ന് മാസം മുന്‍പ് പൂര്‍ത്തീകരിച്ചെങ്കിലും കേസില്‍ തീര്‍പ്പുകല്‍പിക്കാത്തത് വിചിത്രമാണെന്നും നാവികരെ തടവില്‍ വച്ചിരിയ്ക്കുന്നത് അന്യായമാണെന്നും ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അതുകൊണ്ടുതന്നെ ഈ ക്രിസ്മസിന് മുന്‍പ് നാവികരെ വിട്ടയക്കുന്നതില്‍ തീരുമാനം ഉണ്ടാകണമെന്നാണ് ഇറ്റലി ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ഫെബ്രവരി 15 നാണ് ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മത്സ്യത്തൊഴിലാളികളായ ജെലസ്റ്റിന്‍, അജീഷ് പിങ്കി എന്നിവര്‍ മരിച്ചത്. നാവികര്‍ അറസ്റ്റിലായതു മുതല്‍ അവരെ വിട്ടയക്കാന്‍ ഇറ്റലി ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. നഷ്ടപരിഹാരം നല്‍കി കേസില്‍ നിന്നും തലയൂരാന്‍ ശ്രമിച്ചെങ്കിലും കോടതി ഇടപെട്ട് ആ നീക്കം തടഞ്ഞിരുന്നു.












Click it and Unblock the Notifications