ബസ്സിലെ കൂട്ടമാനഭംഗം: 3 പേര്‍ പിടിയില്‍

ഞായറാഴ്ച രാത്രിയാണു സംഭവം. ദില്ലിയില്‍ ഇന്റേണ്‍ ഷിപ്പിനെത്തിയ ഉത്തരഖണ്ഡ് സ്വദേശിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയും മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത ശേഷം ബസിനു പുറത്തേക്കു വലിച്ചെറിയുകയായിരുന്നു.
സാകേത് സെലക്റ്റ് സിറ്റി വോക്ക് വേ തിയെറ്ററില്‍ സിനിമ കണ്ടു മടങ്ങുകയായിരുന്നു ഇവര്‍. ദക്ഷിണ ദില്ലിയിലെ മുനിര്‍കയില്‍ നിന്നു പാലം വരെ പോകുന്ന ബസില്‍ രാത്രി 9.45-ഓടെയാണു പെണ്‍കുട്ടിയും സുഹൃത്തും കയറിയത്. യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ഒരു സംഘം ശല്യം ചെയ്തതിനെ സുഹൃത്ത് എതിര്‍ത്തപ്പോള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഓടുന്ന ബസ്സില്‍ ആറംഗ സംഘം ഒരു മണിക്കൂറോളം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായാണ് പൊലീസിന് വിവരം ലഭിച്ചിരിയ്ക്കുന്നത്. ഇരുവരെയും മര്‍ദ്ദിയ്ക്കാനുപയോഗിച്ച ഇരുമ്പ് ദണ്ഡ് പൊലീസ് കണ്ടെടുത്തു.
അതേസമയം, സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായിത്തന്നെ തുടരുകയാണ്. പെണ്‍കുട്ടിയുടെ നെഞ്ചിലും വയറ്റിലും സാരമായ മുറിവുകളുണ്ട്. സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ ഇരുമ്പുവടികൊണ്ട് അടിയേറ്റതും ബ്ലേഡ്‌കൊണ്ട് വരഞ്ഞതുമായ പാടുകളുമുണ്ട്. ഇതിനോടകം പെണ്‍കുട്ടിയെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയയാക്കിയെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനായിട്ടില്ലെന്നും ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മഹിപാല്‍പ്പുര്‍ മേല്‍പ്പാലത്തില്‍ പുലര്‍ച്ചെ അവശ നിലയില്‍ കണ്ട വഴിയാത്രക്കാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരെയും ആദ്യം ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇത്തരംസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഷീല ദീക്ഷിത് അറിയിച്ചു
പീഡനതലസ്ഥാനം എന്ന് കുപ്രസിദ്ധി നേടിയ ദില്ലിയെ നടുക്കുന്നതാണ് പുതിയ സംഭവം. കഴിഞ്ഞവര്‍ഷംമാത്രം ദില്ലിയില്‍ 550ലേറെ ബലാത്സംഗക്കേസാണ് രജിസ്റ്റര്‍ചെയ്തത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോകലും ഇവിടെ പതിവാണ്.












Click it and Unblock the Notifications