യുവതിയുടെ നില വീണ്ടും വഷളായി
ദില്ലി: ഓടുന്ന ബസില്‍ കൂട്ട മാനഭംഗത്തിനിരയായ ഇരുപത്തി മൂന്നുകാരിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍. കഴിഞ്ഞ ദിവസം സ്ഥിതി അല്പം മെച്ചപ്പെട്ടെങ്കിലും ഞായറാഴ്ച രാത്രിയോടെ നില കൂടുതല്‍ വഷളായി. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി കടുത്ത ശ്വാസ തടസം അനുഭവിക്കുന്നതിനാല്‍ വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റിയെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു.
ഞായറാഴ്ച ഉദരത്തില്‍ ചെറു ശസ്ത്രക്രിയ നടത്തി. അണുബാധ വ്യാപകമായതിനെത്തുടര്‍ന്ന് അണുസാന്നിധ്യമുള്ള ദ്രാവകങ്ങള്‍ നീക്കി. വീണ്ടും വെന്റിലേറ്ററിലാക്കിയിരിക്കുകയാണ്. ഒന്നര മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ വയര്‍ ഉപ്പുവെള്ളവും ബീറ്റാഡൈനും കൊണ്ട് കഴുകി. ശ്വാസതടസ്സവും വയറു വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍.
കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ നിന്നു പുറത്തിറക്കിയപ്പോള്‍ ദ്രവരൂപത്തിലുള്ള ആഹാരം കഴിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളിലായി അഞ്ച് ശസ്ത്രക്രിയകള്‍ക്കു വിധേയയായ പെണ്‍കുട്ടിയുടെ വന്‍കുടല്‍ ഏതാണ്ടു പൂര്‍ണമായി മുറിച്ചു മാറ്റേണ്ടിവന്നു.
കുട്ടി ഡോക്ടര്‍മാരോട് ആശയവിനിമയം നടത്തുന്നുണ്ട്. മാനസികമായി വലിയ കരുത്തുകാണിക്കുന്നുണ്ട് ഇവരെന്നും ചികിത്സയോടു പ്രതികരിക്കുന്നുണ്ടെന്നും സഫ്ദര്‍ ജംഗ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബി.ഡി. അതാനി വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിയിലുണ്ടെങ്കിലും ആര്‍ക്കും സന്ദര്‍ശനാനുമതി നല്‍കിയില്ല. അണുബാധയ്ക്കു സാധ്യത നിലനില്‍ക്കുന്നതിനാലാണ് ഇതെന്ന് ഡോക്റ്റര്‍മാര്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications