കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ അണുകുടുംബങ്ങള്‍ 68.5 ശതമാനം

Google Oneindia Malayalam News

കേരളത്തില്‍ പകുതിയിലേറെ അണുകുടുംബങ്ങളാണെന്ന് സെന്‍സസ് ഓഫ് ഇന്ത്യയുടെ 2011 സെന്‍സസ് അപഗ്രഥന റിപ്പോര്‍ട്ട്. സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് നടന്ന സെന്‍സസ് ശില്‍പശാലയില്‍ അവതരിപ്പിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അണുകുടുംബങ്ങളുടെ എണ്ണം 60 ശതമാനത്തില്‍ കൂടുതലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേരളത്തിലെ 77,16,370 കുടുംബങ്ങളില്‍ 68.5 ശതമാനം കുടുംബങ്ങളിലും ഓരോ ദമ്പതികള്‍ മാത്രമാണ് താമസിക്കുന്നത്. മലബാര്‍ പ്രദേശത്തൊഴികെ മറ്റൊരു ജില്ലയിലും ഒരു വീട്ടില്‍ അഞ്ച് ദമ്പതികള്‍ താമസിക്കുന്നില്ല. കോഴിക്കോട് ജില്ലയില്‍ 67.2 ശതമാനം വീടുകളിലും ഒരു കുടുംബമാണ് താമസിക്കുന്നത്. അഞ്ച് കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളുടെ കാര്യത്തിലും അണുകുടുംബങ്ങളുടെ കുറവിലും മലപ്പുറം ജില്ലയാണ് മുന്നില്‍. ജില്ലയില്‍ 62.3 ശതമാനം വീടുകളിലാണ് ഒറ്റ കുടുംബം താമസിക്കുന്നത്. രണ്ട് ശതമാനം വീടുകളില്‍ കൂട്ടുകുടുംബങ്ങള്‍ താമസിക്കുന്നു.

Census

ഇടുക്കിയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അണുകുടുംബങ്ങള്‍ ഉളള ജില്ല. 73.9 ശതമാനം. വ്യവസായ ജില്ലയായ എറണാകുളത്ത് 73.3 ശതമാനമാണ് അണുകുടുംബങ്ങള്‍. തെക്കന്‍ ജില്ലകളിലാണ് കൂട്ടുകുടുംബങ്ങള്‍ കുറവും അണുകുടുംബങ്ങള്‍ കൂടുതലുമുളളത്.

സംസ്ഥാനത്തെ 77.7 ശതമാനം വീടുകളിലും കുടിവെളള ലഭ്യതയുളളതായി സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2001നെ അപേക്ഷിച്ച് പൈപ്പുവെളളത്തെ ആശ്രയിക്കുന്ന ഗ്രാമീണവീടുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. 2001ല്‍ പൈപ്പുവെളളം ഉപയോഗിക്കുന്ന ഗ്രാമീണര്‍ 13.9 ശതമാനമായിരുന്നെങ്കില്‍ 2011 ല്‍ ഇത് 24.5 ശതമാനമായി വര്‍ദ്ധിച്ചു. നഗരങ്ങളില്‍ കിണര്‍വെളളം ഉപയോഗിക്കുന്ന വീടുകള്‍ 58.9 ശതമാനവും ഗ്രാമങ്ങളില്‍ 64.8 ശതമാനവുമാണ്. സംസ്ഥാനത്ത് ജലക്ഷാമം അനുഭവിക്കുന്ന വീടുകള്‍ ഏറ്റവും കൂടുതലുളളത് ഇടുക്കി ജില്ലയിലാണ്. 27.2 ശതമാനം.

കേരളം സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമെന്ന പദവി ആര്‍ജ്ജിക്കുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 94.4 ശതമാനം വീടുകളും വൈദ്യുതീകരിച്ചതാണ്. നഗരങ്ങളില്‍ 97 ശതമാനവും ഗ്രാമങ്ങളില്‍ 92 ശതമാനവും. സംസ്ഥാനത്തെ 7.4 ശതമാനം ഗ്രാമീണവീടുകള്‍ മാത്രമാണ് മണ്ണെണ്ണയെ ആശ്രയിക്കുന്നത്. നഗരങ്ങളില്‍ ഇത് 2.8 ശതമാനമാണ്.

2001ല്‍ സംസ്ഥാനത്തെ 16 ശതമാനം വീടുകളില്‍ കക്കൂസ് സൗകര്യമില്ലായിരുന്നു. 2011 ലെ കണക്കുപ്രകാരം ഇത്തരം വീടുകളുടെ എണ്ണം 4.8 ശതമാനമായി. സംസ്ഥാനത്തെ 76.8 ശതമാനം വീടുകളിലും ടെലിവിഷന്‍ ഉണ്ട്. 2001ല്‍ ഇത് 38.8 ശതമാനം മാത്രമായിരുന്നു. ടെലിഫോണ്‍ ഉപയോഗിക്കുന്നവര്‍ 2001 ല്‍ 14.1 ശതമാനമായിരുന്നെങ്കില്‍ 2011 ല്‍ അത് 89.7 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനത്ത് 2011 ല്‍ 77,16,370 വീടുകളാണുളളത്. 2001 ല്‍ ഇത് 65,95,206 ആയിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് റേഡിയോ ശ്രോതാക്കളുടെ എണ്ണത്തില്‍ വന്‍കുറവ് രേഖപ്പെടുത്തി. 2001 ല്‍ 59.2 ശതമാനം പേര്‍ റേഡിയോ കേട്ടിരുന്നതെങ്കില്‍ 2011 ല്‍ ഇത് 29.7 ശതമാനമായി.

English summary
Over 50 per cent of the families in Kerala belong to the category of Nuclear families, cited the evaluation report presented as part of the two day data dissemination workshop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X