ജമാഅത്തെ ആര്‍എസ്എസിനെ കടത്തിവെട്ടുന്നു
ദില്ലി: ആര്‍എസ്എസിനെ കടത്തിവെട്ടുന്ന സ്ത്രീവിരുദ്ധ നിലപാടുകളുമായി ജമാഅത്തെ ഇസ്ലാമിയും രംഗത്ത്. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ ഉതകുന്ന നിര്‍ദ്ദേശങ്ങളെന്ന നിലയില്‍ ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവച്ചിരിയ്ക്കുന്നത് പിന്തിരിപ്പന്‍ നിലപാടുകളാണെന്ന് വിമര്‍ശമുയര്‍ന്ന് കഴിഞ്ഞു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പഠിയ്ക്കുന്ന മിശ്രവിദ്യാഭ്യാസം ഇല്ലാതാക്കണമെന്നാണ് ഇതിലെ പ്രധാന നിര്‍ദ്ദേശം. ഇവര്‍ തമ്മിലുള്ള ഇടപഴകല്‍ വിലക്കുക, ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിര്‍ത്തലാക്കുക പെണ്‍കുട്ടികള്‍ 'മാന്യമായ' വേഷം ധരിക്കുക എന്നിങ്ങനെ 11 നിര്‍ദ്ദേശങ്ങളാണ് ജസ്റ്റിസ് ജെ.എസ് വര്‍മ കമ്മിറ്റിക്ക ജമാഅത്തെ ഇസ്‌ലാമി സമര്‍പ്പിച്ചിരിയ്ക്കുന്നത്.
എല്ലാ തലങ്ങളിലും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസം ഒരുക്കണം. അവിവാഹിതരായ ആണും പെണ്ണും ഒന്നിച്ച് താമസിക്കുന്നത് വിലക്കുകയും നിയമവിരുദ്ധമാക്കുകയും ചെയ്യുക, വിവാഹം പെട്ടന്ന് നടത്തുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുക എന്നിവയാണ് സംഘടനയുടെ മറ്റു നിര്‍ദ്ദേശങ്ങള്‍.
സ്ത്രീപീഡകരെ പൊതു ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച് തൂക്കിലേറ്റണമെന്നും സംഘടന ശുപാര്‍ശ ചെയ്യുന്നു. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്കുള്ള ശിക്ഷ എന്താവുമെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും സംഘടന പറയുന്നു. ജെ.ഐ.എച്ച് സെക്രട്ടറി ജനറല്‍ നുസ്രത് അലിയാണ് കമ്മീഷന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനെ ജമാഅത്തെ സ്വാഗതം ചെയ്യുന്നുണ്ട്.
അതേസമയം, സ്ത്രീ പീഡനങ്ങളിലെ ശിക്ഷ വര്‍ദ്ധിപ്പിയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളിലൂടെ തെളിഞ്ഞുവരുന്നത് സാമുദായിക സംഘടനകളുടെ പിന്തിരിപ്പന്‍ നിലപാടുകളാണെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.
സ്ത്രീപീഡനങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്നും ഭാരതത്തിലല്ലെന്നുമുള്ള ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പരാമര്‍ശം നേരത്തേ വിവാദമയിരുന്നു. ഇതിന് പിന്നാലെ വന്ന സ്ത്രീകള്‍ വീട്ടുജോലികള്‍ മാത്രം ചെയ്ത് ഒതുങ്ങി ജീവിക്കണമെന്ന മോഹന്‍ ഭഗവതിന്റെ പ്രസ്താവനയും വന്നു.
പൊതുവെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍പുരോഗമനനിലപാടുകള്‍ സ്വീകരിയ്ക്കാറുള്ള ജമാഅത്തെ ഇസ്ലാമിയും ദേശീയതയുടെയും സംസ്‌ക്കാരത്തിന്റെ കാര്യത്തില്‍ വീറ് പ്രകടിപ്പിയ്ക്കുന്ന ആര്‍എസ്എസും സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications