ചാലിയം തീരത്ത് കപ്പലിടിച്ച് ബോട്ട് തകര്‍ന്നു
ചാലിയം (കോഴിക്കോട്): മത്സ്യബന്ധനത്തിലേര്‍പ്പെട്ട വള്ളത്തില്‍ കപ്പലിടിച്ച് മൂന്നു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇടിയെതുടര്‍ന്ന് വള്ളം തകര്‍ന്ന് മുങ്ങുകയും മത്സ്യമടക്കം വല നഷ്ടപ്പെടുകയും ചെയ്തു. ചാലിയം തീരത്തിന് 11 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം.
കപ്പല്‍ ചാലില്‍ നിന്നും ഗതിമാറിയെത്തിയ കപ്പല്‍ ബുധനാഴ്ച ഉച്ചയോടെ പോയ അല്‍അമീന്‍ വള്ളത്തില്‍ ഇടിക്കുകയായിരുന്നു.
കപ്പല്‍ വരുന്നതുകണ്ട് തോണിയിലുണ്ടായിരുന്നവര്‍ അപകട മുന്നറിയിപ്പ് നല്‍കിയെങ്കിലും വഴിമാറാന്‍ ശ്രമമുണ്ടായില്ല. ഇതിനെ ത്തുടര്‍ന്ന് തൊഴിലാളികള്‍ തോണി ഉപേക്ഷിച്ച് കടലില്‍ ചാടുകയായിരുന്നു. തൊട്ടടുത്ത നിമിഷംതന്നെ കപ്പല്‍ തോണിയില്‍ ഇടിച്ചു.
ചാലിയം പുതിയ പുരയില്‍ റഫീഖ് (38), പാണ്ടികശാല മുഹമ്മദ് റാഫി (30), കോട്ടക്കണ്ടി മുനീസ് (28) എന്നിവര്‍ കടലിലേക്ക് തെറിച്ചുവീണു. ഇവരെ സമീപത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ട നൂര്‍ജഹാന്‍ ബോട്ട് രക്ഷപ്പെടുത്തി രാത്രി ചാലിയം കരയിലെത്തിച്ചു. ഇവരെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരം 3.45 ഓടെയായിരുന്നു അപകടമെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. എന്‍.വൈ.കെ. ഹിനോഡ് എന്നെഴുതിയ കപ്പലാണ് ഇടിച്ചതെന്ന് സൂചനയുണ്ട്. അപകടം നടന്നിട്ടും കപ്പല്‍ നിര്‍ത്താതെ പോയതായും തൊഴിലാളികള്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ചും കപ്പലിനെക്കുറിച്ചും വിശദമായ വിവരം ശേഖരിക്കാന്‍ കൊച്ചിയില്‍നിന്ന് കോസ്റ്റ്ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനവും രണ്ട് അതിവേഗ പട്രോളിങ് കപ്പലുകളും ശ്രമം നടത്തുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് എം.കെ.രാഘവന്‍ എം.പി. സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications