ഹെലന്‍ വാസ്‌കോഡഗാമയുടെ വഴിയെ
കാസര്‍കോട്: ചെറുവള്ളത്തില്‍ ലോകം ചുറ്റാനിറങ്ങിയ വിദേശ യുവതിയെ തീരദേശ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാസര്‍കോട് തീരത്തുനിന്നും ഏതാണ്ട് രണ്ട് നോട്ടിക്കല്‍ മൈലിനുള്ളില്‍ സഞ്ചരിക്കുകയായിരുന്ന ആസ്‌ത്രേലിയന്‍ സ്വദേശിനി റോഷന്‍ സാന്‍ഡ്ര ഹെലനെ(46)യാണ് തീരദേശ പൊലീസ് കസ്റ്റഡിയിലെടുത്തത്. മത്സ്യത്തൊഴിലാളികള്‍ കോസ്റ്റല്‍ പൊലീസിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ പിടികൂടിയത്. ചോദ്യം ചെയ്തതില്‍ അസ്വഭാവികതയൊന്നുമില്ലാത്തതിനാല്‍ തുടര്‍ന്ന് ഇവരെ വിട്ടയച്ചു.
തോണിയില്‍ ലോകം ചുറ്റിയതിന് മറ്റൊരാള്‍ സ്ഥാപിച്ച റെക്കാര്‍ഡ് മറികടക്കാനുള്ള സാഹസിക യാത്രയിലാണ് താനെന്നാണ് ഇവര്‍ പൊലീസിനെ അറിയിച്ചത്. ഗുജറാത്തില്‍ നിന്ന് ഗോവ വഴിയാണ് കാസര്‍കോടിന്റെ തീരത്തെത്തിയത്. കൊച്ചിയിലെത്തിയ ഇവര്‍ കഴിഞ്ഞ നവംബര്‍ 22ന് മുംബൈ, ഗുജറാത്ത് ഭാഗത്തേക്ക് തുഴഞ്ഞുനീങ്ങുകയായിരുന്നു. ഗുജറാത്ത് തീരത്തെ ഓഖയില്‍ നിന്ന് തിരിച്ച് തുഴഞ്ഞ ഇവര്‍ ചൊവ്വാഴ്ച കുമ്പളയിലെത്തി തങ്ങുകയായിരുന്നു.

ഇവിടെ നിന്ന് യാത്ര തിരിക്കുന്നതിനിടയിലാണ് ബുധനാഴ്ച പൊലിസ് പിടികൂടിയത്. യുവതിയുടെ യാത്രാ രേഖകളും മറ്റും പരിശോധിച്ച പൊലീസ് ഇവരെ വിട്ടയയ്ക്കുകയായിരുന്നു. അപ്രതീക്ഷിതമായി യാത്ര മുടങ്ങിയതിനാല്‍ ബുധനാഴ്ച യാത്ര തുടരാതെ കാസര്‍കോട് തങ്ങി വ്യാഴാഴ്ച യാത്ര തിരിക്കാനാണ് ഇവരുടെ തീരുമാനം. 50,000 കിലോമീറ്റര്‍ സഞ്ചരിച്ചതിന്റെ റെക്കാര്‍ഡ് മറിടകടക്കാന്‍ വാസ്‌കോഡ ഗാമ സഞ്ചരിച്ച റൂട്ടിലൂടെയാണ് തന്റെ യാത്രയെന്ന് റോഷന്‍ സാന്‍ഡ്ര ഹെലന്‍ പറയുന്നു.












Click it and Unblock the Notifications