ബ്ലേഡ് റണ്ണര്‍ കാമുകിയെ വെടിവച്ചു കൊന്നു
ജൊഹന്നാസ്ബര്‍ഗ്: പൊയ്ക്കാലുകളിലേറി ചരിത്രത്തിലേക്ക് കുതിച്ച ഒളിമ്പ്യന്‍ ഓസ്‌കര്‍ പിസ്‌റ്റോറിയസ് കാമുകിയെ വെടിവെച്ച് കൊന്നതിന് പൊലീസ് പിടിയിലായി. ആളറിയാതെ പിസ്‌റ്റോറിയസ് കാമുകിയെ വെടിവെച്ചതാകാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ഓര്‍ക്കാപ്പുറത്ത് പ്രത്യക്ഷപ്പെട്ട് പിസ്റ്റോറിയസിനെ അതിശയിപ്പിയ്ക്കാന്‍ പുലര്‍ച്ചെ വീട്ടിനുള്ളിലേക്ക് നുഴഞ്ഞുകയറിയ കാമുകിയെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നുവത്രേ. എന്നാലിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാമുകിയുടെ തലയിലും കൈകളിലുമാണ് വെടിയേറ്റത്.

'ബ്ലേഡ് റണ്ണര്‍' എന്ന അപരനാമത്തിലറിയപ്പെടുന്ന പിസ്റ്റോറിയസ് ഇരുകാലുകളിലും കാല്‍മുട്ടിനുകീഴെ എല്ലുകളില്ലാതെയാണ് ജനിച്ചത്. പതിനൊന്നാം വയസ്സില്‍ കാല്‍മുട്ടുകള്‍ക്ക് കീഴെ ഇരുകാലുകളും മുറിച്ചുമാറ്റി. കാലുകള്‍ക്ക് പകരം ഓടാനായി പിസ്‌റ്റോറിയസ് ഉപയോഗിച്ച് ബ്ലേഡുകളാണ് അദ്ദേഹത്തിന് 'ബ്ലേഡ് റണ്ണര്‍' എന്ന പേര് സമ്മാനിച്ചത്.
ദക്ഷിണകൊറിയയിലെ ദേഗുവില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിനും 2012ലെ ലണ്ടനില്‍ നടന്ന ഒളിമ്പിക്‌സിലും കാലുള്ളവര്‍ക്കൊപ്പം മത്സരിക്കാനുള്ള യോഗ്യത പിസ്‌റ്റോറിയസ് നേടിയിരുന്നു.
കൃത്രിമ കാലുമായി ഒളിമ്പിക്‌സില്‍ ഓടി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് പിസ്‌റ്റോറിയോസ്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ കൃത്രിമക്കാലുകളുമായി കളത്തിലിറങ്ങി 400 മീറ്റര്‍ ഓട്ടത്തില്‍ സെമിയില്‍ക്കടന്ന് ചരിത്രം കുറിച്ചെങ്കിലും ഫൈനലിലേക്ക് മുന്നേറാനായില്ല. ബെയ്ജിങ്ങില്‍ നടന്ന പാരാലിമ്പിക്‌സില്‍ 100, 200, 400 മീറ്ററുകളില്‍ ജേതാവാണ് ഓസ്‌കര്‍ പിസ്‌റ്റോറിയസ്.












Click it and Unblock the Notifications