ഹൈദരാബാദ്: ജിഹാദ് കൗണ്‍സിലിനെതിരേയും അന്വേഷണം
ഹൈദരാബാദ്: ഇരട്ട സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ഇന്ത്യന്‍ മുജാഹിദ്ദീനു പുറമെ യുനൈറ്റഡ് ജിഹാദ് കൗണ്‍സിലിലേക്കും വിരല്‍ ചൂണ്ടുന്നതായി സൂചന. സമീപമുള്ള ചില സിസിടിവി ദൃശ്യങ്ങളാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പോലിസിനെയെത്തിക്കുന്നത്. സ്‌ഫോടനം ആസൂത്രിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് സംഭവം നടന്ന സ്ഥലത്ത് പോലിസ് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളുടെ വയറുകള്‍ മുറിച്ച് മാറ്റിയിട്ടുണ്ട്.
ബോംബ് സ്‌ഫോടനത്തില്‍ ഉപയോഗിച്ചത് ടൈമര്‍ ഘടിപ്പിച്ച അത്യുഗ്രന്‍ സ്‌ഫേടക ശേഷിയുള്ള ബോംബുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബോംബുകള്‍ അത്യുഗ്ര ശേഷിയുള്ളവയായിരുന്നുവെന്നും 'ഡിലെയ്ഡ് ടൈമര്‍' ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നും ഡയറക്ടര്‍ ജനറല്‍ പോലിസ് വി ദിനേഷ് റെഡ്ഡി പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ ഹൈദരാബാദില്‍നിന്ന് തന്നെയാണ് വാങ്ങിയതെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഓരോ ബോംബിലും ഒരു കിലോഗ്രാം വീതം സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിച്ചത്. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ചുവപ്പിലും ചാരനിറത്തിലുമുള്ള വാതകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഡിലെയ്ഡ് ടൈമറുകള്‍ ഉപയോഗിച്ചാല്‍ ബോംബുവെച്ചയാള്‍ക്ക് സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ മതിയായ സമയം ലഭിക്കുമെന്നതാണ് പ്രത്യേകത. ദില്‍സൂഖ നഗര്‍ ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു സ്‌ഫോടന പരമ്പരകള്‍ നടന്നത് . സൈക്കിളുകളില്‍ ഘടിപ്പിച്ച ചോറ്റുപാത്രത്തിലായിരുന്നു ബോംബ് ഘടിപ്പിച്ചിരുന്നത് . ഏഴ് മണിയോടെ ആദ്യ സ്‌ഫോടനമുണ്ടായി .തുടര്‍ന്ന് അഞ്ച് മിനുട്ടിനുശേഷം രണ്ടാമത്തെ സ്‌ഫോടനവുമുണ്ടായതായി പോലീസ് പറയുന്നു.
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പരമാവധി അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വളരെ വിദഗ്ദ്ധമായാണ് സ്‌ഫോടനം നടത്തിയിരിക്കുന്നത്. ജനസാന്ദ്രതയുള്ള സ്ഥലമായതിനാല്‍ ചെറിയൊരു സ്‌ഫോടനം പോലും വലിയൊരു സ്‌ഫോടനത്തിന്റെ അലകള്‍ തീര്‍ക്കും. ദില്‍സുഖ് നഗര്‍, വെങ്കിടാദ്രി തിയറ്റര്‍, കൊണാര്‍ക്ക് തിയറ്റര്‍ എന്നിവിടങ്ങളിലണ് സ്‌ഫോടനം നടത്തിയത്. ഹൈദരാബാദ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങി മെട്രോ നഗരങ്ങളില്‍ പോലിസ് ജനങ്ങള്‍ക്ക ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി വരികയാണ്. സാഹചര്യ തെളിവുകളും സ്‌ഫോടന രീതിയും ഇന്ത്യന്‍ മുജാഹിദ്ദിന്റെ നേര്‍ക്കാണ് വിരല്‍ ചൂണ്ടുന്നത്.












Click it and Unblock the Notifications