ഫ്ളാറ്റിലെ കൊല സ്വര്‍ണത്തിന് വേണ്ടിയെന്ന് പോലിസ്
ഗൂഡല്ലൂര്‍: മധ്യവയസ്‌കയെ വെട്ടിനുറുക്കി സൂട്ട്‌കെയ്‌സിലാക്കി ബെഡ് റൂമില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ചു വെച്ച സംഭവത്തിലെ പ്രതി നാട്ടില്‍ സ്വകാര്യ സ്ഥാപനത്തില്‍ സ്വര്‍ണം പണയം വെച്ചതായി കണ്ടെത്തി. പ്രതിയെന്ന് പോലിസ് സംശയിക്കുന്ന തിരുനല്‍വേലി മേല്‍പാളയം സ്വദേശി യാസര്‍ അറഫാത്ത് (24)ആണ് 12 പവന്‍ സ്വര്‍ണം മേല്‍പാളയത്തിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ചതായി പൊലീസ് കണ്ടെത്തിയത്. കൊലനടത്തിയതിന് ശേഷം മൃതദേഹം കഷണങ്ങളാക്കി രണ്ട് സൂട്ട്‌കെയ്‌സുകളിലാക്കി പുറത്ത് കൊണ്ട് പോയി ഒഴിവാക്കാനായിരുന്നു ഇയാള്‍ പദ്ധതി തയ്യാറാക്കിയെന്നും പോലിസ് വ്യക്തമാക്കി.
മേട്ടുപാളയം അവിനാശി റോഡില്‍ ഫഌറ്റിലാണ് ദാരുണസംഭവമുണ്ടായത്. ഫഌറ്റിലെ മറ്റ് താമസക്കാര്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലിസെത്തി തെരച്ചില്‍ നടത്തുകയും ചെയ്തപ്പോഴാണ് അതിക്രൂരമായ കൊലപാതകം പുറംലോകം അറിഞ്ഞത്.
സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന യാസര്‍ അറഫാത്തിനെ ഇനിയും പോലിസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. നാലുസംഘമായി തമിഴ്‌നാട്ടില്‍ വ്യാപകമായി പോലിസ് ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നുണ്ട്. പ്രതിയുടെ ചിത്രം പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.
സ്വര്‍ണം പണയം വെച്ചത് കണ്ടത്തിയതോടെ യാസര്‍ അറാഫത്ത് സ്വര്‍ണത്തിന് വേണ്ടിയാണ് അയല്‍ക്കാരിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലനടത്തിയ ശേഷം ജഡം എട്ട് ദിവസം ഇയാളുടെ മുറിയില്‍ സൂക്ഷിച്ചതായാണ് വ്യക്തമായിരിക്കുന്നത്. ഈ ദിവസമത്രയും യാസര്‍ അറാഫത്ത് ഫഌറ്റിലുണ്ടായിരുന്നു. പോലിസ് എത്തുന്നതിന് തൊട്ടുമുമ്പ് മുന്‍വശത്തെ വാതില്‍ പുറത്തുനിന്ന് പൂട്ടി പിന്‍വശത്ത് കൂടിയാണ് യുവാവ് രക്ഷപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീയുടെ തൊട്ടടുത്ത ഫഌറ്റിലെ താമസക്കാരനായ യാസര്‍ അറാഫത്ത് ഈ വീട്ടുകാരുമായി വളരെ അടുത്ത ബന്ധത്തിലായിരുന്നു.
കൊല്ലപ്പെട്ട സ്ത്രീ ഇടയ്ക്ക് പ്രതിയുടെ ഫഌറ്റില്‍ പോകുമായിരുന്നെന്നും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുമായിരുന്നുമെന്നും അയല്‍വാസികള്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications