വീണ്ടും വിഎസ്, ബര്‍ലിന്‍ കൂടിക്കാഴ്ച

മൂന്നുമാസത്തോളമായി പാര്‍ട്ടിവേദികളിലൊന്നും വിഎസ് എത്തിയിരുന്നില്ല, അപ്രഖ്യാപിത വിലക്കായിരുന്നു ഇതിന് കാരണമെന്നാണ് പറയപ്പെടുന്നത്. എന്തായാലും സെമിനാര്‍ വേദിയില്‍ എത്തിയതോടെ വിഎസിന്റെ വിലക്ക് അവസാനിച്ചുവെന്ന് കരുതാം. പലവിഷയങ്ങളിലായുള്ള വിഎസിന്റെ പ്രസ്താവനകളും പാര്‍ട്ടിയെ വിമര്‍ശിക്കുന്ന പതിവ് രീതികളും തുടരുന്ന വിഎസിനെതിരെ അച്ചടക്കനടപടികളുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അദ്ദേഹം വീണ്ടും പാര്‍ട്ടി ശസ്ത്രുവായ ബര്‍ലിനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.
വി.എസിന്റെ രാഷ്ട്രീയഭാവിയില്‍ നിര്‍ണായകമായേക്കാവുന്ന കേന്ദ്രക്കമ്മിറ്റിയോഗം ഏപ്രില്‍ ആദ്യവാരമാണ് നടക്കുന്നത്. ഇതിനിടെയാണ് ഇപ്പോള്‍ വിവാദകൂടിക്കാഴ്ച. വാര്‍ധക്യത്തിലുള്ള രണ്ടു സുഹൃത്തുക്കള്‍ വിശേഷം പങ്കുവച്ചതാണെന്നും കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ മാധ്യമങ്ങളോടു പറഞ്ഞു.
വി.എസുമായുള്ള കൂടിക്കാഴ്ചക്കു പിന്നാലെ സെമിനാര്‍ നടക്കുന്ന സ്ഥലത്തു ബെര്‍ലിനെത്തുകയും ചെയ്തു. സിഐടിയു സമ്മേളനത്തിനു അഭിവാദ്യം അര്‍പ്പിക്കാനാണു തന്റെ വരവെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പാര്‍ട്ടി വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് വിഎസിനെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അഥവാ പാര്‍ട്ടി പുറത്താക്കിയാല്‍ വിഎസ് വിപ്ലവ പാതയിലേയ്ക്ക് വരുമെന്നും ബെര്‍ലിന്‍ പറഞ്ഞു. എന്നാല്‍ പുറത്താക്കിയാല്‍ വിഎസ് പോയി റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ചേരുമെന്ന് ഇതിനര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ അദ്ദേഹത്തിന്റെ വസതിയിലെത്തി വി.എസ്. സന്ദര്‍ശിച്ചതു നേരത്തേ വന്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഭക്ഷണം കഴിക്കരുതെന്നു പാര്‍ട്ടി വിലക്കിയപ്പോള്‍ ഇളനീര്‍ കുടിച്ചു നേതൃത്വത്തെ വി.എസ്. അന്നു പ്രതിരോധത്തിലാക്കുകയും ചെയ്തു. പിന്നീട് കോഴിക്കോട് ഗസ്റ്റ്ഹൗസിലും കൂടിക്കാഴ്ച ആവര്‍ത്തിച്ചു. ഈ കൂടിക്കാഴ്ച യാദൃശ്ചികമായി നടന്നതാണെന്നാണ് വി.എസ്. അന്നു പ്രതികരിച്ചത്.
സിപിഎം. വിട്ടവര്‍ ദേശീയതലത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം നടത്തുന്നതിനിടെ നേരത്തേ പാര്‍ട്ടി പുറത്താക്കിയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരും വിഎസും നടത്തിയ കൂടിക്കാഴ്ചയെ വലിയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന ശ്രമങ്ങളില്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ചെയര്‍മാനായ സോഷ്യലിസ്റ്റ് സംവാദവേദി എന്ന സംഘടനയും പങ്കുചേരുന്നുണ്ട്.












Click it and Unblock the Notifications