ഭാര്യയ്ക്ക് ചാരിത്രപൂട്ടിട്ട ഭര്‍ത്താവിന് ജയില്‍
ഇന്‍ഡോര്‍: പണ്ട് ശത്രുക്കളുടെ ലൈംഗിക അതിക്രമങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ ചില പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ ജനനേന്ദ്രിയവും മറ്റും ഇരുമ്പ് പരിചയിട്ടു പൂട്ടിയിരുന്നുവെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാലത്തും ഇത്തരം ചാരിത്രപൂട്ടുകള്‍ ഉപയോഗിക്കുന്നവരുണ്ടോ? ഉണ്ടെന്നാണ് ഇന്‍ഡോര്‍ അഡീഷണല്‍ കോടതി വിധി വ്യക്തമാക്കുന്നത്.
ഭാര്യയുടെ ചാരിത്രശുദ്ധിയില്‍ സംശയം തോന്നിയ 45 വയസ്സുള്ള സോഹന്‍ ലാല്‍ ചൗഹാനാണ് ഈ കടുംകൈ ചെയ്തത്. നാലുവര്‍ഷം മുമ്പ് ഒരു സര്‍ജറിയിലൂടെ ഭാര്യയുടെ ജനനേന്ദ്രിയത്തിനു മുന്നിലായി ഒരു ലോക്ക് പിടിപ്പിക്കുകയാണ് സോഹന്‍ ചെയ്തത്. 16ാം വയസ്സിലാണ് ഈ സ്ത്രീ സോഹന്‍ ലാലിനെ വിവാഹം കഴിച്ചത്.

കൊടിയ ക്രൂരതയാണ് ഇയാള്‍ അഴിച്ചുവിട്ടത്. മൂത്തമകളെ ബലാത്സംഗം ചെയ്യാന്‍ ചൗഹാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ത്രീ വിഷം കഴിച്ചതോടെയാണ് ഇക്കാര്യങ്ങളെല്ലാം പുറത്തായത്. സ്ത്രീയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഈ വിചിത്രമായ ഉപകരണം കണ്ട് ഞെട്ടി. കാര്യങ്ങള്‍ തിരക്കിയെത്തിയ പോലിസിനോട് സ്ത്രീ വിവരങ്ങളെല്ലാം പറഞ്ഞതോടെ സംഗതി കേസായി.
പൂട്ടിന്റെ താക്കോല്‍ ചൗഹാനില്‍ നിന്നും പോലിസ് കണ്ടെടുത്തു. സര്‍ജറിയിലൂടെ ഡോക്ടര്‍ ലോക്ക് നീക്കം ചെയ്തതോടെ നാലുവര്‍ഷത്തെ അസ്വസ്ഥതയില്‍ നിന്നും വേദനയില്‍ നിന്നും സ്ത്രീ രക്ഷപ്പെട്ടു. മകനും മകളുമടക്കം 14 പേരാണ് ചൗഹാനെതിരേ സാക്ഷി പറയാനെത്തിയത്.
ഇത്രയും നീചമായ രീതിയില്‍ ഭാര്യയെ പീഡിപ്പിച്ചതിന് 498എ, 326 വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തിരുന്നത്. കോടതി ചൗഹാന് 1000 രൂപ പിഴയും പത്തുവര്‍ഷത്തെ തടവ് ശിക്ഷയും വിധിച്ചു.












Click it and Unblock the Notifications