മോഡിക്കെതിരെ ട്വിറ്റര്‍ യുദ്ധം തരൂര്‍ നയിക്കും
ദില്ലി: മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററുമായി ബന്ധപ്പെട്ട ഏറെ പഴികേട്ടിട്ടുള്ള നേതാവാണ് ശശി തരൂര്‍. തന്റെ മന്ത്രിപ്പണി കളഞ്ഞത് ട്വിറ്ററാണ് എന്നുവരെ ഒരിക്കല്‍ അദ്ദേഹം തുറന്നുപറയുകയുണ്ടായി. എന്നാല്‍ ഓണ്‍ലൈന്‍ ലോകത്ത് കാര്യമായ പിന്തുണയില്ലാത്തതിന്റെ ക്ഷീണം തീര്‍ക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇതേ ശശി തരൂര്‍ തന്നെയാണ് എന്നാണ് റിപ്പോര്‍ട്ട്.
ട്വിറ്റര്‍ അടക്കമുള്ള മൈക്രോ ബ്ലോഗിംഗ്, സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കാനായി കോണ്‍ഗ്രസ് രൂപപ്പെടുത്തിയ ടീമിനെ നയിക്കുന്നത് ശശി തരൂര്‍ ആയിരിക്കും. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും ബി ജെ പിയുമാണ് ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പ്രധാന എതിരാളികള്‍ എന്നത് എടുത്തുപറയേണ്ട കാര്യമില്ലല്ലോ.

ട്വിറ്ററില്‍ ഏറെ പ്രശസ്തനാണ് നരേന്ദ്രമോഡി. അദ്ദേഹത്തിന്റെ പരസ്യതന്ത്രങ്ങളിലും പ്രമോഷനുകളിലും ട്വിറ്റര്‍ അടക്കമുള്ള വെബ്‌സൈറ്റുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ട്വിറ്ററിലെ ജനപിന്തുണയുടെ കാര്യത്തില്‍ മോഡിയെക്കാള്‍ ഒട്ടും പിന്നിലല്ല ശശി തരൂരൂം. ഏകദേശം 19 ലക്ഷം പേരാണ് ഈ രണ്ട് നേതാക്കളെയും ട്വിറ്ററില്‍ പിന്തുടരുന്നത്.
മോഡിയെ മാത്രമല്ല, സുഷമ സ്വരാജിനെ പോലുള്ള മറ്റ് മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ക്കെതിരെയും കോണ്‍ഗ്രസ് മറുപടി ഒരുക്കിയതായാണ് ട്വിറ്ററില്‍ കാണുന്നത്. സുഷമയ്‌ക്കെതിരെ മറുപടിയുമായി മനീഷ് തിവാരിയും അജയ് മാക്കനും രംഗത്തെത്തിയിരുന്നു. എം പിയും മുതിര്‍ന്ന നേതാവുമായ ദീപേന്ദര്‍ ഹൂഡയാണ് ട്വിറ്ററില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന മറ്റൊരു കോണ്‍ഗ്രസ് നേതാവ്.












Click it and Unblock the Notifications