ആഭ്യന്തരമന്ത്രിയും സെക്രട്ടറിയും സരിതയെ വിളിച്ചോ?
തിരുവനന്തപുരം: ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് പറഞ്ഞതുപോലെ സത്യം തുറന്ന് പറഞ്ഞ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകുന്നതാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്ലത്. സോളാര്‍തട്ടിപ്പ് കേസില്‍ സരിത എസ് നായരെ തിരുവഞ്ചൂരും പ്രൈവറ്റ് സെക്രട്ടറിയും അങ്ങോട്ട് വിളിച്ച് സംസാരിച്ചതായി തെളിവുകള്‍ പുറത്തുവന്നിട്ടും വീണിടത്തു കിടന്ന് ഉരുളുക എന്ന തന്ത്രം തുടരുകയാണ് സംസ്ഥാന ആഭ്യന്തരമന്ത്രി.
സരിത ഇങ്ങോട്ട് വിളിച്ചു എന്ന് ആരോപണമുയര്‍ന്നപ്പോള്‍ അങ്ങനെ പലരും വിളിക്കും സരിതയുടെ പേര് പോലും ഓര്‍മയില്ല എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. ഇങ്ങോട്ട് വിളിച്ചതല്ലേയുള്ളൂ താനങ്ങോട്ട് വിളിച്ചിട്ടൊന്നുമില്ലല്ലോ എന്ന് വെല്ലുവിളിക്കാന്‍ പോലും മന്ത്രി തയ്യാറായി. എന്നാല്‍ താന്‍ അങ്ങോട്ട് വിളിച്ച തെളിവുകള്‍ നിരത്തുമ്പോള്‍ വരെട്ട, പരിശോധിക്കാം എന്ന നിലപാടിലാണ് തിരുവഞ്ചൂര്‍.
സരിത എസ് നായരുടെ 9446735555 എന്ന നമ്പറിലേക്ക് വിളിച്ച് തിരുവഞ്ചൂര്‍ സംസാരിച്ചു. മെയ് 23 നാണ് തിരുവഞ്ചൂര്‍ സരിത എസ് നായരെ വിളിച്ചത്. ഒമ്പത് തവണ സരിത തിരുവഞ്ചൂരിന്റെ പ്രൈവറ്റ് സെക്രട്ടറിയെയും വിളിച്ചിട്ടുണ്ട്. സെക്രട്ടറി സരിത എസ് നായരെയും തിരിച്ചുവിളിച്ചതായും മനോരമ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമന്ത്രിമാരായ എ പി അനില്‍കുമാറും അടൂര്‍ പ്രകാശും സരിത എസ് നായരെ വിളിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഇപ്പോള്‍ തിരുവഞ്ചൂര്‍ പറയുന്നത് സരിതയെ വിളിച്ചവരില്‍ പല പ്രമുഖരുമുണ്ട് എന്നാണ്. സരിതയുടെ കോള്‍ലിസ്റ്റ് പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. തിരുവഞ്ചൂര്‍ അങ്ങോട്ട് വിളിച്ചു എന്ന ബി ജെ പി നോതാവ് കെ സുരേന്ദ്രന്റെ ആരോപണം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. കൈയ്യിലുള്ള തെളിവുകള്‍ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് കൈമാറട്ടെ എന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരായ ആരോപണം താന്‍ തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് തരാം, അതുവരെ കാത്തിരിക്കൂ എന്ന തിരുവഞ്ചൂരിന്റെ അഭിപ്രായം പക്ഷേ പ്രതിപക്ഷവും ബി ജെ പിയും മറ്റും സമ്മതിക്കാന്‍ തരമില്ല. ശാലുമേനോന്റെ ഗൃഹപ്രവേശത്തിന് പോയ കാര്യത്തില്‍ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട സ്ഥിതിയിലാണ് തിരുവഞ്ചൂര്‍ ഇപ്പോള്‍. കൂനിന്മേല്‍ കുരു എന്ന പോലെ ഇപ്പോഴിതാ സരിതയെ വിളിച്ച കാര്യവും. മുഖ്യമന്ത്രിയെയും തന്നെയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമമാണ് ഇതെല്ലാം എന്നാരോപിച്ച് എത്രകാലം തിരുവഞ്ചൂര്‍ വഴുതിമാറും.












Click it and Unblock the Notifications