പാകിസ്താനില്‍ താലിബാന്‍കാര്‍ ജയില്‍ ആക്രമിച്ചു
ഇസ്ലാമാബാദ്: പോലീസ് വേഷത്തിലെത്തിയ പാക് താലിബാന്‍ പ്രവര്‍ത്തകര്‍ ജയില്‍ ആക്രമിച്ച് 300 തടവ് പുള്ളികളെ രക്ഷിച്ചു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ദേര ഇസ്മയില്‍ ഖാന്‍ നഗരത്തിനടുത്തുള്ള ജയില്‍ ആണ് ആക്രമിക്കപ്പെട്ടത്.
2013 ജൂലായ് 29 നാണ് സംഭവം നടന്നത്.നിരവധി തടവ് പുള്ളികളും സുരക്ഷ ജീവനക്കാരും രണ്ട് താലിബാന്‍ പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി ജയില്‍ അധികൃതര്‍ അറിയിച്ചു. 5000 തടവുപുള്ളികളാണ് ജയിലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 250 പേര്‍ മത തീവ്രവാദികളായിരുന്നു.

അറുപതോളം ആയുധ ധാരികളായ താലിബാര്‍ പ്രവര്‍ത്തകരാണ് ജയില്‍ ആക്രമിച്ചതെന്ന് ജയില്‍ വകുപ്പ് ഉപദേശകന്‍ മാലിക് കാസിം ഘട്ടക് പറഞ്ഞു. ഇവര്‍ തോക്കുകളും ബോബംബുകളും ഉപയോഗിച്ച ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നും ജയില്‍ അധികൃതര്‍ പറയുന്നു. രണ്ട് വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകള്‍ അക്രമികള്‍ ആദ്യമേ തകര്‍ത്തിരുന്നു. പിന്നീട് ഇരുട്ടില്‍ തന്ത്രപരമായി ആക്രമണം നടത്തുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ് രീക് ഐ താലിബാന്‍ പാകിസ്താന്‍ ഏറ്റെടുത്തിട്ടുണ്ട്. ആത്മഹത്യ സ്‌ക്വാഡ് അടക്കം 150 താലിബാന്‍ പോരാളികള്‍ ചേര്‍ന്നാണ് ജയില്‍ അക്രമിച്ചതെന്ന് താലിബാന്റെ പുതിയ വക്താവായ ശഹീദുള്ള ഷാഹിദ് പറഞ്ഞു.
താലിബാന്‍ പ്രവര്‍ത്തകര്‍ പോലീസ് വേഷത്തിലെത്തിയതാണ് ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കിയതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. മണിക്കൂറുകള്‍ നീണ്ട വെടിവെപ്പിനൊടുവില്‍ പട്ടാളത്തിന്റെ സഹായം തേടാന്‍ പോലീസ് തീരുമാനിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് വാഹനങ്ങള്‍ മുഴുവന്‍ തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞ് തകര്‍ത്തിരുന്നു.












Click it and Unblock the Notifications