കോട്ടയം: തനിയെ താമസിച്ചിരുന്ന ദമ്പതികള്‍ വീടിനുള്ളില്‍ ദാരുണമായി കൊല്ലപ്പെട്ട നിലയില്‍. കാഞ്ഞിപ്പള്ളി പഴയിടം തീമ്പനാല്‍ വീട്ടില്‍ ഭാസ്‌ക്കരന്‍ നായര്‍ (69), ഭാര്യ തങ്കമ്മ (64) എന്നിവരെയാണ് സ്വീകരണ മുറിയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടാലി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. വീട്ടില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. എന്നാല്‍ കവര്‍ച്ച ലക്ഷ്യമിട്ടാണ് കൊലപാതകമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തിയതായി പോലീസ് കരുതുന്നു. തങ്കമ്മയുടെ വള ഊരിയെടുക്കാന്‍ ശ്രമിച്ചിട്ടും അപഹരിക്കാതിരുന്നത് ഇതു കൊണ്ടായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
സാധാരണ അത്താഴത്തിനു ശേഷം ഒന്‍പതരയോടെ കിടക്കൂന്ന പതിവുള്ള ഇവര്‍ സംഭവം നടന്ന ബുധന്‍ രാത്രി തയ്യാറാക്കിയ ഭക്ഷണം കഴിച്ചിട്ടില്ല. ചോറ് അടുപ്പിന് സമീപം വാര്‍ക്കാന്‍ വെച്ച നിലയിലാണുണ്ടായിരുന്നത്. അതിനാല്‍ കൊലപാതകം നടന്നത് ഒന്‍പതു മണിയോടെയാകാമെന്ന് പോലീസ് സംശയിക്കുന്നു. വ്യാഴാഴ്‌ച വീട്ടിലേക്ക് പല തവണ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് മകള്‍ അയല്‍ വീട്ടിലേക്ക് വിളിച്ച് കാര്യം അന്വേഷിച്ചു. തുടര്‍ന്ന് അയല്‍ വീട്ടിലെ പെണ്‍കുട്ടി പോയി നോക്കിയപ്പോള്‍ കതക് തുറന്നിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് മണിമല പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. റിട്ട. പി ഡബ്ല്യൂഡി ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഭാസ്‌ക്കരന്‍ നായര്‍. തങ്കമ്മ കെ എസ് ഇ ബി ജീവനക്കാരിയായിരുന്നു.