ആലപ്പുഴ രണ്‍ജിത് വധക്കേസില്‍ 3 പേര്‍ പിടിയില്‍; രണ്ടു പേര്‍ കൃത്യത്തില്‍ പങ്കെടുത്തവരെന്ന് റിപ്പോര്‍ട്ട്
ആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത് വധക്കേസില്‍ മൂന്ന് പേര്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്. കൃത്യത്തില്‍ പങ്കെടുത്തവരെന്ന് കരുതുന്ന രണ്ടുപേര്‍ ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലുള്ളതത്രെ. രണ്ടു പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. അനൂപ് അഷ്‌റഫ്, റസീബ് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം. അനൂപിനെ കര്‍ണാടകത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പറയപ്പെടുന്നു.
രണ്‍ജിത്തിനെ കൊലപ്പെടുത്താനെത്തിയ സംഘത്തില്‍ 12 പേരുണ്ടെന്നാണ് കരുതുന്നത്. ആറ് ബൈക്കുകള്‍ പോകുന്ന ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞത്. ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യക്തികളെ തിരിച്ചറിയാനുള്ള പോലീസ് ശ്രമം പൂര്‍ണമായും വിജയിച്ചിട്ടില്ല. സംഘത്തിലെ ഏതെങ്കിലുമൊരാളെ പിടിക്കാന്‍ സാധിച്ചാല്‍ ബാക്കി പ്രതികളെ കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. അതിനിടെയാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. ബെംഗളൂരുവില്‍ വച്ചാണ് ഒരാളെ പിടിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ചില പ്രതികളെ പിടിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയില്ലെന്നുമാണ് എസ്പി പ്രതികരിച്ചത്.
ബാലു ദിലീപിന്റെ സുഹൃത്തല്ല; എന്തുകൊണ്ട് 4 വര്‍ഷം മൂടിവച്ചു, ചോദ്യങ്ങളുമായി എംഎ നിഷാദ്, മറുപടി
അതേസമയം, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ 15 പേരെ അറസ്റ്റ് ചെയ്തു. കൃത്യം നടത്തിയവരെ പിടിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും അക്രമികളെ സഹായിച്ചവരെയും കുറിച്ച് അന്വേഷിച്ചുവരികയാണ്. ആര്‍എസ്എസ് ആലുവ ജില്ലാ പ്രചാരക് കെവി അനീഷിനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇയാള്‍ മലപ്പുറം പൊന്നാനി കാലടി സ്വദേശിയാണ്. കേസിലെ പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് അനീഷ് ആണെന്ന് പോലീസ് പറയുന്നു. ഷാനെ കൊലപ്പെടുത്തിയവര്‍ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ചേര്‍ത്തല അരീപ്പറമ്പ് പുല്ലംകുളത്തു നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
യുഎഇയുടെ വമ്പന്‍ നീക്കം; സമ്പന്ന കുടുംബങ്ങള്‍ക്ക് പൂട്ടിടും!! പുതിയ നിയമം വരുന്നു
ഷാനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നത്. രണ്ടു മാസം മുമ്പ് തന്നെ കൊലപാതകത്തിന്റെ ആസൂത്രണം നടന്നിരുന്നുവെന്ന് പോലീസ് പറയുന്നു. ചേര്‍ത്തലയില്‍ വച്ചാണ് ആസൂത്രണം നടന്നത്. ഷാനെ കൊലപ്പെടുത്താനുള്ള പദ്ധതി സംബന്ധിച്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് അറിയാമായിരുന്നു. പ്രതികള്‍ കൃത്യം നിര്‍വഹിച്ച ശേഷം രണ്ടു സംഘമായി പിരിഞ്ഞു. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സൗകര്യം നേതാക്കള്‍ ഒരുക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചേര്‍ത്തല പട്ടണക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരമായിട്ടാണ് ഷാനെ വധിക്കാന്‍ പദ്ധതിയിട്ടത്. ഏഴ് പേരെയാണ് കൊലപാതകത്തിന് നിയോഗിച്ചത്. കൊലയാളി സംഘം ഉള്‍പ്പെടെ കേസില്‍ 16 പ്രതികളാണുള്ളതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.