കായംകുളത്ത് ഗുണ്ടാ ആക്രമണം; യുവാവിനെ തട്ടിക്കൊണ്ട് പോയി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം
ആലപ്പുഴ: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി വെട്ടിക്കൊലപ്പെടുത്താന്‍ ഗുണ്ടാ സംഘത്തിന്റെ ശ്രമം. ഓച്ചിറ സ്വദേശി അരുണ്‍ പ്രസാദിനെയാണ് ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വടിവാളുകളുമായി എത്തിയ സംഘം യുവാവിനെ റെയില്‍വേ ക്രോസ്സില്‍ ഇട്ട് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. മര്‍ദ്ദിച്ചവശനാക്കിയ ശേഷം അരുണ്‍ പ്രസാദിനെ ഇവിടെ ഉപേക്ഷിച്ച് അക്രമി സംഘം കടന്ന് കളയുകയായിരുന്നു.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഗുണ്ടകള്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. കൃഷ്ണപുരം സ്വദേശികളായ അമല്‍ ചിന്തു, അഭിമന്യു, അനൂപ് ശങ്കര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു സംഘം പൊലീസുകാര്‍ രാത്രിയില്‍ ഹോട്ടലില്‍ ചായ കുടിക്കാനായി എത്തിയിരുന്നു.

ഈ ഹോട്ടലിന് പുറത്ത് വെച്ച് ഒരു യുവാവ് പുകവലിക്കുന്നത് പൊലീസുകാര്‍ ചോദ്യം ചെയ്തു. എന്നാല്‍ സിവില്‍ വേഷത്തിലായിരുന്ന പൊലീസുകാരെ യുവാവിന് മനസിലായില്ല. ഇയാളും സുഹൃത്തുക്കളും പൊലീസിന് നേരെ തട്ടിക്കയറി. ഇതിന് ശേഷം പൊലീസുകാര്‍ ഒരാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിനിടെ ഒരാളുടെ മൊബൈല്‍ ഫോണ്‍ താഴെ വീണിരുന്നു.
ഈ ഫോണ്‍ അരുണ്‍ പ്രസാദ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതാണ് അരുണ്‍പ്രസാദിനെ തട്ടിക്കൊണ്ട് പോകാനിടയാക്കിയത്. അരുണിനെ ഓച്ചിറയില്‍ നിന്ന് ബൈക്കിലാണ് കായംകുളത്ത് എത്തിച്ചത് എന്നാണ് വിവരം. മര്‍ദ്ദനമേറ്റ അരുണ്‍ പ്രസാദ് ഓച്ചിറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റൊരു കേസില്‍ വാറന്റുള്ള അനുപ് ശങ്കറിനെ കായംകുളം പൊലീസ് പിടികൂടി മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അരുണിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
തുടര്‍ന്ന് ഓച്ചിറ സ്റ്റേഷനിലെ കേസ് കായംകുളത്തേക്ക് മാറ്റുകയും ചെയ്തു. അതേസമയം മര്‍ദ്ദനത്തില്‍ അരുണിന്റെ വലത് ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്. അരുണിന്റെ ഐഫോണും വാച്ചും പ്രതികള്‍ കവര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications