ഷാന്‍ വധക്കേസ്; ആയുധങ്ങള്‍ കണ്ടെത്തി, ഇതുവരെ അറസ്റ്റിലായത് 13 ആര്‍എസ്എസ് പ്രവര്‍ത്തകര്‍
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയവര്‍ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. ചേര്‍ത്തല അരീപ്പറമ്പ് പുല്ലംകുളത്തു നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. കേസില്‍ ഇതുവരെ 13 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 5 പേരുമുണ്ടെന്ന് പോലീസ് പറയുന്നു. അമ്പലപ്പുഴ സ്വദേശികളായ ജിഷ്ണു, വിഷ്ണു, അഭിമന്യു, സാനന്ദ്, മണ്ണഞ്ചേരി സ്വദേശി അതുല്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇവരെ കൈനകരിയില്‍ നിന്നും അരൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. രണ്ട് ബിജെപി പ്രവര്‍ത്തകരും ഇന്ന് പിടിയിലായിട്ടുണ്ട്. തൃശൂര്‍ വരന്തരപ്പള്ളിയില്‍ നിന്ന് പിടിലിയാ ആലപ്പുഴ സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. വിശദമായ ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
സൗദിയില്‍ ശക്തമായ ആക്രമണം; 2 പേര് കൊല്ലപ്പെട്ടു, ഇന്ത്യക്കാരന് പരിക്ക്, കാറുകളും വീടും തകര്‍ന്നു
അതേസമയം, ബിജെപി നേതാവ് രണ്‍ജിത് വധക്കേസില്‍ പ്രതികള്‍ സംസ്ഥാനം വിട്ടുവെന്നാണ് കരുതുന്നത്. പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചുവെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. പ്രതികള്‍ സംസ്ഥാനം വിട്ടത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആരോപിച്ചു. സിപിഎമ്മിന് എസ്ഡിപിഐയുമായി ബന്ധമുണ്ട്. അതാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു. ശക്തമായ അന്വേഷണം നടന്നില്ലെങ്കില്‍ സമരം വ്യാപകമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. പോലീസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, രണ്‍ജിത്തിന്റെ വീട് നടനും എംപിയുമായ സുരേഷ് ഗോപി സന്ദര്‍ശിച്ചു.
രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാന്‍ ആരുടെ കാല് പിടിക്കാനും തയ്യാറാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇനി ആരോടാണ് പറയേണ്ടത്. എന്ത് മതമായാലും രാഷ്ട്രീയമായാലും ഓരോ കൊലപാതകവും ഒരു പ്രദേശത്തിന്റെ സമാധാനം തകര്‍ക്കും. രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കും. കൊല്ലപ്പെട്ട ആള്‍ക്കാരുടെ കുഞ്ഞുങ്ങള്‍ മാത്രമല്ല, വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍, അവരുടെ മനോനില എല്ലാത്തിനെയും ബാധിക്കും. കുട്ടികളെ മോശപ്പെട്ട സംസ്‌കാരത്തിലേക്ക് കൊണ്ടുപോകുന്നതാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ എന്നും സുരേഷ് ഗോപി പറഞ്ഞു.
അഫ്ഗാന് താങ്ങായി ലോകം; ഖത്തറും തുര്‍ക്കിയും വിമാനം പറത്തും... മരുന്നുമായി ഇന്ത്യ, പുതിയ മാറ്റങ്ങള്‍
അതേസമയം, ഷാന്‍ വധക്കേസില്‍ ആര്‍എസ്എസ് സംസ്ഥാന നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കള്‍ ഗൂഡാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നു പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ആരോപിച്ചു. പ്രധാന പ്രതികള്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുമായി സംസാരിക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കൂടാതെ, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ സംരക്ഷിച്ചതിന് വിവിധ ജില്ലകളിലെ ആര്‍എസ്എസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
തൃശൂര്‍ ജില്ലയിലെ കള്ളായി സ്വദേശികളും ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് കള്ളായി കല്ലംകുന്നേല്‍ വീട്ടില്‍ കെ ടി സുരേഷ്, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കള്ളായി മംഗലത്ത് വീട്ടില്‍ ഉമേഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു. തൃശൂര്‍ ജില്ലയില്‍ പീച്ചി, ചിമ്മിനി, ചാലക്കുടി ഉള്‍പ്പെടെയുള്ള വനമേഖലയുടെ ചുമതലയാണ് സുരേഷിന്. കള്ളായി വനത്തോട് ചേര്‍ന്ന് ആള്‍ താമസമില്ലാത്ത സുരേഷിന്റെ ഭാര്യ വീടാണ് ഒളിത്താവളമായി സംഘം ഉപയോഗിക്കുന്നത്. അക്രമങ്ങള്‍ക്കുശേഷം സംസ്ഥാനത്തെ ആര്‍എസ്എസ് ക്രിമിനലുകളെ ഇവിടെ എത്തിച്ചാണ് ഒളിവില്‍ പാര്‍പ്പിക്കുന്നത്.
പോലിസെത്തിയാല്‍ വനത്തിനുള്ളിലേക്ക് കയറി പ്രതികള്‍ക്ക് രക്ഷപ്പെടാനാവും. ഈ വീട്ടിലേക്കുള്ള വഴികളിലെല്ലാം കാവലൊരുക്കിയ ആര്‍എസ്എസ്സുകാരെയും വട്ടക്കൊട്ടായിയിലുള്ള സുരേഷിന്റെ വീട്ടില്‍ പ്രതികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കിയവരെയും ഇതുവരെ പ്രതി ചേര്‍ക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. രണ്ടര മാസത്തെ ആസൂത്രണത്തിനു ശേഷമാണ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന പേരില്‍ നാമമാത്രമായ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കൊലപാതകം ആസൂത്രണം ചെയ്യുകയും പ്രതികളെ രക്ഷപ്പെടുത്തുകയും ഒളിവില്‍ പാര്‍പ്പിക്കുകയും ചെയ്ത ഉന്നത നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. ഷാന്‍ വധക്കേസിലെ ആര്‍എസ്എസ് ഉന്നത തല ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് നേതാക്കളെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.