എന്റെ കുട്ടി ഒരാളെ പോലും ഉപദ്രവിച്ചിട്ടില്ല... കണ്ണ് നിറഞ്ഞ് ഷാനിന്റെ പിതാവ്, ഇനി ആരും കൊല്ലപ്പെടരുത്...
ആലപ്പുഴ: കൊല്ലപ്പെട്ട അഡ്വ. കെഎസ് ഷാന്‍ ഒരു ക്രിമിനല്‍ കേസിലും ഇതുവരെ പ്രതിയായിട്ടില്ലെന്ന് പിതാവ് സലീം. എന്റെ കുട്ടി ഒരാളെ പോലും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തിലും ഉള്‍പ്പെട്ടിട്ടില്ല. അവര്‍ മകനെ ക്രൂരമായി കൊലപ്പെടുത്തി. ഇവരൊക്കെ മനുഷ്യരല്ലേ. ഒരു പ്രസ്ഥാനത്തില്‍ വിശ്വസിച്ചതിന്റെ പേരിലാണ് മകനെ അവര്‍ കൊന്നത്. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഒരുപോലെ കാണുന്നവരാണ് ഞങ്ങള്‍. ആരും ഇനി ഇത്തരത്തില്‍ കൊല്ലപ്പെടരുതെന്നും സലീം പറഞ്ഞു.
ആലപ്പുഴയിലെ പൊന്നാട് ചെറിയ വീട്ടിലാണ് ഷാനും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും താമസിച്ചിരുന്നത്. കര്‍ട്ടന്‍ തയ്യാറാക്കുന്ന കടയാണ് ഷാന്. ആരെയും ഉപദ്രവിക്കുന്ന വ്യക്തിയല്ല. ദയവോടെയാണ് എല്ലാവരോടും പെരുമാറിയിരുന്നത്. ഒരു മനുഷ്യനെ ഉപദ്രവിക്കാന്‍ അവനാകില്ല. ഞാന്‍ അവനെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. എനിക്ക് മകനെ നഷ്ടപ്പെട്ടു. ഇനിയും കൊലപാതകങ്ങളുണ്ടായാല്‍ ഇനിയും അനാഥ കുടുംബങ്ങളുണ്ടാകും. രാഷ്ട്രീയം രാഷ്ട്രീയമായി കാണണം. ഒരു ആശയത്തില്‍ വിശ്വസിച്ചു എന്നതിന്റെ പേരില്‍ കൊലപ്പെടുത്തുന്നത് വളരെ വേദനയുണ്ടാക്കുന്നതാണ്. രണ്ടു കുഞ്ഞുങ്ങള്‍ വഴിയാധാരമായി. ഞാന്‍ വാര്‍ധക്യത്തിലെത്തി. എനിക്കവരെ എത്രകാലം സഹായിക്കാനാകും. രക്തം കുടിക്കുന്ന കാപാലികര്‍ക്ക് ആരുടേയെങ്കിലും രക്തം കുടിച്ചാല്‍ മതി. ആരുടെയും വേദന അവര്‍ക്ക് അറിയേണ്ട. അങ്ങനെ ഒരു സമൂഹം ഇവിടെ വളരുന്നുണ്ടെന്നും സലീം പറഞ്ഞു.
ശനിയാഴ്ച രാത്രി വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരവെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ അഡ്വ. കെഎസ് ഷാനെതിരെ ആക്രമണമുണ്ടായത്. കാറിലെത്തിയ സംഘം ഷാനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്തുവീണ ഷാനെ തുരുതുരാ വെട്ടി. 40 വെട്ടുകള്‍ ശരീരത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികില്‍സയ്ക്ക് കൊച്ചിയിലേക്ക് കൊണ്ടുപോയെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാമെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ രാവിലെ ബിജെപി നേതാവ് കൊല്ലപ്പെട്ടതോടെ സാഹചര്യം മാറി. പോലീസ് ഇടപെട്ട് എറണാകുളം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. ആശുപത്രിക്ക് മുമ്പിലും വീട്ടിലും ആയിരങ്ങളാണ് തടിച്ചുകൂടിയിരുന്നത്. ഷാന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബിജെപിയുടെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ഒരു സംഘം വെട്ടിക്കൊന്നത്. ഇതോടെ ശക്തമായ സുരക്ഷ ഒരുക്കിയിരിക്കുകയാണ് പോലീസ്. 50ലധികം പേരെ രണ്ടു കേസുകളിലായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകാതെ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. ഷാന്റെ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും രഞ്ജിന്റെ വധത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്നും ഇരുപാര്‍ട്ടികളും ആരോപിച്ചു.