• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുട്ടനാട് പഴയ കുട്ടനാടല്ല, കനാലുകളും തോടുകളും ജീവൻ വെച്ചു, കുട്ടനാട്ടുകാരന്റെ കുറിപ്പ്

Google Oneindia Malayalam News

കുട്ടനാട്: കൊവിഡിനൊപ്പം മൂന്നാമതൊരു പ്രളയം കൂടി നേരിടേണ്ടി വരുമോ എന്നുളള ആശങ്ക മഴ തുടങ്ങിയതോടെ മലയാളികൾക്കുണ്ടായിരുന്നു. കഴിഞ്ഞ പ്രളയ കാലങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതത്തിലായവരുടെ കൂട്ടത്തിൽ കുട്ടനാട് അടക്കമുളള ആലപ്പുഴ ജില്ലയിലെ പ്രദേശങ്ങളിലെ മനുഷ്യരുണ്ട്.

എല്ലാ മഴക്കാലവും കുട്ടനാട്ടുകാർക്ക് ദുരിതകാലമാണ്. ഇക്കുറിയും മഴ ഒന്ന് കനത്ത് പെയ്തപ്പോഴേ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എന്നാൽ മറ്റ് വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇക്കുറി കുട്ടനാട്ടില്‍ അധികം വെള്ളം ഉയര്‍ന്നിരുന്നില്ലെന്നു മാത്രമല്ല, അധിക ദിവസം വെള്ളം ഉയര്‍ന്നു നിന്നതുമില്ല. കുട്ടനാട്ടിലെ ഈ മാറ്റത്തിന് പിന്നിൽ നീർച്ചാലുകൾ വീണ്ടെടുക്കൽ അടക്കമുളള ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയ സംസ്ഥാന സർക്കാരിന്റെ കയ്യുണ്ട്. കുട്ടനാട്ടുകാരനായ മജീഷ് പൊന്നമ്മ ചാക്കോ കുട്ടനാട്ടിലുണ്ടായ മാറ്റത്തെക്കുറിച്ച് എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

പലായനം ചെയ്യേണ്ടുന്ന ജനത

പലായനം ചെയ്യേണ്ടുന്ന ജനത

കുറിപ്പ് വായിക്കാം: '' മഴ കനക്കുന്നതും കിഴക്ക് നിന്നും വരുന്ന വെള്ളവും ആണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു സാധാരണ കാരണമാകുന്നത്. കാലവര്‍ഷ കെടുതികളില്‍ നിന്നും രക്ഷ നേടാന്‍ പലായനം ചെയ്യേണ്ട ഒരു ജനതയാണ് കുട്ടനാട്ടില്‍ ഉള്ളത്. എല്ലാ വര്‍ഷവും കാലവര്‍ഷം കനക്കുമ്പോള്‍ ധാരാളം ക്യാമ്പുകള്‍ സ്ഥാപിക്കുകയും വെള്ളം കുറയുന്നത് വരെ ആളുകള്‍ അതിലേക്ക് താമസം മാറ്റുന്നതും സാധാരണയാണ് ഇവിടെ. കഴിഞ്ഞ 15 വര്‍ഷമായി കേരളത്തിന്‌ വെളിയില്‍ ആയതിനാല്‍ അത്രയും കാലത്തെ ഈ കാലവര്‍ഷ കെടുതി എനിക്ക് നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടില്ല.

നാല് ദിവസം കഴിഞ്ഞപ്പോൾ വെള്ളം ഇറങ്ങി

നാല് ദിവസം കഴിഞ്ഞപ്പോൾ വെള്ളം ഇറങ്ങി

പക്ഷെ ഇത്തവണ നാട്ടില്‍ എത്തിയപ്പോള്‍ കോവിഡ് അതിന്‍റെ രൂക്ഷതയില്‍ നില്‍ക്കുമ്പോള്‍ തന്നെ മണ്‍സൂണ്‍ കനക്കുകയും കിഴക്കു നിന്നും ഉള്ള വെള്ളവും എല്ലാം ചേര്‍ന്ന് കുട്ടനാട്ടില്‍ വെള്ളം ഉയര്‍ന്നു തുടങ്ങി. എല്ലാ തവണയും പോലെ ഇക്കൊല്ലം ക്യാമ്പ്‌ ചെയ്യുവാന്‍ ഭയമായിരുന്നു, കോവിഡ് തന്നെ കാരണം. ഈ മാസം 5നു ആണ് മുറ്റത്തേക്ക്‌ വെള്ളം കയറി തുടങ്ങിയത്. 9 ആയപ്പോഴേക്കും വീട്ടിനുള്ളിലേക്ക്‌ വെള്ളം എത്തി. ഞങ്ങള്‍ സേഫ്‌ ആയ ഒരു വാടക വീട്ടിലേക്ക്‌ താമസം മാറി. നാല് ദിവസം കഴിഞ്ഞു റൂം എല്ലാം ക്ലീന്‍ ചെയ്യാന്‍ വന്നപ്പോള്‍ വീട്ടിനുള്ളില്‍ നിന്നും വെള്ളം ഇറങ്ങിയിരുന്നു. ഞങ്ങളുടെ വീട് ഇരിക്കുന്നത് വളരെ താഴ്ന്ന പ്രദേശത്ത്‌ ആണ്. ഒരുപക്ഷെ ഞങ്ങളുടെ നാട്ടിലെ ഏറ്റവും ആദ്യം വെള്ളം കയറുന്ന ഒരു വീട് ആണ് ഞങ്ങളുടേത്.

അധിക ദിവസം വെള്ളം ഉയര്‍ന്നു നിന്നില്ല

അധിക ദിവസം വെള്ളം ഉയര്‍ന്നു നിന്നില്ല

എന്നിട്ട് കൂടി 4 ദിവസം മാത്രമായിരുന്നു ഈ വര്‍ഷം വെള്ളം വീടിനുള്ളില്‍ ഉണ്ടായിരുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഈ വര്‍ഷം കുട്ടനാട്ടില്‍ അധികം വെള്ളം ഉയര്‍ന്നിരുന്നില്ലെന്നു മാത്രമല്ല, അധിക ദിവസം വെള്ളം ഉയര്‍ന്നു നിന്നുമില്ല. എന്തുകൊണ്ടാണ് ഇത്രയും പെട്ടെന്ന് വെള്ളം ഇറങ്ങി കൂടുതല്‍ ആഘാതം ഉണ്ടാകാതിരുന്നത് എന്നതിനുള്ള കാരണം ആണ് ചുവടെ ചേര്‍ക്കുന്നത്. കാരണങ്ങള്‍ എല്ലാം തന്നെ ഞാന്‍ നേരിട്ട് കണ്ടു ബോധ്യപ്പെട്ടതും സര്‍ക്കാരിന്‍റെ പബ്ലിക്‌ ഡൊമൈനില്‍ ലഭ്യമായതും ആയ വിവരങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണ്. വെള്ളപ്പൊക്കത്തിന്‍റെ ആഘാതം കുറയ്ക്കുവാന്‍ ഉള്ള എളുപ്പ വഴി എന്നത് നദികളിലെയും കൈവഴികളിലെയും സ്വാഭാവിക നീരൊഴുക്കിന് വിഘാതമാകുന്നത് എല്ലാം നീക്കം ചെയ്യുക എന്നതാണ്.

ഹരിതകേരളം മിഷന്‍

ഹരിതകേരളം മിഷന്‍

ഇപ്പോഴത്തെ LDF സര്‍ക്കാര്‍ അധികാരത്തില്‍ കയറി 6 മാസത്തിനുള്ളില്‍ രൂപീകരിച്ച പദ്ധതിയാണ് ഹരിത കേരളം മിഷന്‍. 2016 ഡിസംബര്‍ 8ന് ആണ് ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഹരിതകേരളം രണ്ടാം വാര്‍ഷിക ദിനമായ 2018 ഡിസംബര്‍ 8ന് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ‘എല്ലാവരും ജലാശയങ്ങളിലേക്ക്' എന്ന ആശയത്തില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആലപ്പുഴ ജില്ലയില്‍ തുടക്കം കുറിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി, മഹാത്മാ അയ്യങ്കാളി നഗര തൊഴില്‍ സൃഷ്ടിക്കല്‍ പദ്ധതി, ജലസേചന വകുപ്പ്, ഭൂജല വകുപ്പ്‌ തുടങ്ങിയവയുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് ആലപ്പുഴ ജില്ലയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. ഹരിത കേരളം മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ 37 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 38 നീര്‍ച്ചാലുകളുടെ പുനരുജ്ജീവന പ്രവര്‍ത്തനം നടത്തുകയും 27 കിലോമീറ്റര്‍ തോട് വീണ്ടെടുക്കുകയും ചെയ്തു.

സ്വാഭാവിക നീരൊഴുക്ക്‌ ഉറപ്പ്‌ വരുത്തി

സ്വാഭാവിക നീരൊഴുക്ക്‌ ഉറപ്പ്‌ വരുത്തി

ചാത്തനാട് കനാല്‍, കരിപ്പയില്‍ ചാല്‍, മുതലപ്പൊഴി, കുട്ടംപേരൂര്‍ ആറിന്‍റെ നവീകരണം, ആലപ്പുഴ ടൌണ്‍ കനാല്‍, വാടക്കനാല്‍, ആലപ്പുഴ-ചേര്‍ത്തല കനാല്‍, വരട്ടാര്‍ തുടങ്ങി അനവധി തോടുകളും കനാലുകളും ആറുകളും ഒക്കെ വൃത്തിയാക്കുകയും സ്വാഭാവിക നീരൊഴുക്ക്‌ ഉറപ്പ്‌ വരുത്തുകയും ചെയ്തു. 2016 ഒക്ടോബറില്‍ ആണ് ഞാന്‍ ആദ്യമായി കുട്ടംപേരൂരാര്‍ സന്ദര്‍ശിച്ചത്‌. ആലപ്പുഴ ജില്ലയിലെ ബുധനൂര്‍, ചെന്നിത്തല എന്നീ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കുട്ടംപേരൂര്‍ ആറിന്‍റെ അവസ്ഥ വളരെ ശോകമായിരുന്നു. ആറിന്‍റെ കൈവഴികള്‍ മുഴുവന്‍ പായലും പോളയും ചപ്പു ചവറുകളും നിറഞ്ഞു ജലം കെട്ടിക്കിടക്കുന്ന അവസ്ഥയില്‍ ആയിരുന്നു അന്ന്. പമ്പ, അച്ചന്‍കോവില്‍ എന്നീ നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുട്ടമ്പേരൂര്‍ പുഴ വെള്ളപ്പൊക്ക സമയത്ത് ഇരു നദികളിലെയും അധിക ജലത്തെ ഉള്‍ക്കൊണ്ടുകൊണ്ട് സമീപ പ്രദേശങ്ങളെ പ്രളയത്തില്‍ നിന്നും സംരക്ഷിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന ഒന്നാണ്. ബുധനൂര്‍ പഞ്ചായത്തിലെ എഴുനൂറിലേറെ തൊഴിലുറപ്പ്‌ തൊഴിലാളികളുടെ 40 ദിവസത്തെ അധ്വാനത്തിലൂടെ പോളയും പായലും ചപ്പുചവറുകളും എല്ലാം നീക്കി നീരൊഴുക്ക്‌ സാധ്യമാക്കി.

‘വരട്ടെ ആറ്'

‘വരട്ടെ ആറ്'

ആദിപമ്പയില്‍ നിന്നും ഒഴുകി രണ്ടു കിലോമീറ്റര്‍ കഴിഞ്ഞു പുതുകുളങ്ങരയില്‍ നിന്നും ആണ് വരട്ടാര്‍ ആരംഭിക്കുന്നത്. 2017-18 കാലഘട്ടത്തില്‍ ഹരിതകേരളം മിഷന്‍റെ ഇടപെടലിന്‍റെ ഭാഗമായി ധനകാര്യ മന്ത്രി തോമസ്‌ ഐസക്ക്‌, എംഎല്‍എ വീണ ജോര്‍ജ്‌ എന്നിവര്‍ വരട്ടാര്‍ സന്ദര്‍ശിക്കുകയും നദിയുടെ പുനരുജ്ജീവനത്തിന് വേണ്ടി ‘വരട്ടെ ആറ്' എന്നൊരു പേരും ഈ ഉദ്യമത്തിന് തോമസ്‌ ഐസക്ക്‌ നല്‍കി പദ്ധതി ആരംഭിച്ചു. പുതിയ ചാലുകള്‍ ഉണ്ടാക്കുകയും, ചപ്പാത്തുകള്‍ നീക്കം ചെയ്യുകയും, വര്‍ഷങ്ങളായി പലരും അനധികൃതമായി കൈവശം വച്ചിരുന്ന 14 കിലോമീറ്റര്‍ ഭൂമി റവന്യൂ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തിരിച്ചു പിടിക്കുകയും ചെയ്തു. പദ്ധതി പൂര്‍ത്തിയായപ്പോള്‍ 2017 ജൂണില്‍ പമ്പയില്‍ നിന്നും വരട്ടാറിലേക്ക് ജലം സുഗമമായി ഒഴുകിത്തുടങ്ങി. 2018ലെ പ്രളയത്തില്‍ പാണ്ടനാട് പ്രദേശത്തിനെ അധികം ആഘാതം ഏല്‍ക്കാതെ സഹായിച്ചത്‌ ഈ വരട്ടാര്‍ ആണ്.

നല്ല രീതിയില്‍ കിടന്ന തോട്

നല്ല രീതിയില്‍ കിടന്ന തോട്

ഞങ്ങളുടെ നാടിനെ ചുറ്റി കിടക്കുന്ന ഒരു തോട് ആണ് കുമരംകരി തോട്. കുമരംകരിയില്‍ നിന്നും ചങ്ങനാശേരിയിലേക്ക് പോകുന്ന ആറിനും, ആലപ്പുഴ-വെളിയനാട് ആറിനും ഇടയിലായി കിടക്കുന്ന കൈവഴിയാണ് ഈ തോട്. കുറേക്കാലം മുന്‍പ്‌ വരെ വള്ളങ്ങളില്‍ ചരക്ക്‌ നീക്കം ഉണ്ടായിരുന്നപ്പോള്‍ നല്ല രീതിയില്‍ കിടന്ന തോട് ആയിരുന്നു ഇത്. പിന്നീട് വള്ളങ്ങള്‍ വഴിയുള്ള ഗതാഗതം നിലച്ചപ്പോള്‍ പോളയും പായലും ചെളിയും കുന്നുകൂടി തോടിന്‍റെ ഒഴുക്ക് ഏകദേശം പൂര്‍ണ്ണമായും നിലച്ചു. മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തനഫലമായി തോട്ടില്‍ ഉള്ള പോളകള്‍ നീക്കം ചെയ്യുകയും അധികമായി അടിഞ്ഞു കൂടിയ ചെളി യന്ത്രങ്ങള്‍ ഉപയോഗിച്ച് വാരി മാറ്റി ആഴം കൂട്ടുകയും നീരൊഴുക്ക്‌ സുഗമാക്കുകയും ചെയ്തു.

പൊഴി തുറന്നു

പൊഴി തുറന്നു

കഴിഞ്ഞ മാസം 31നു തോട്ടപ്പള്ളി പൊഴി കാണുവാന്‍ ചെന്നപ്പോള്‍ ആണ് അത് തുറക്കുന്നത് കണ്ടത്‌. അതിശക്തമായ തിരമാലകള്‍ ആയിരുന്നു കടലില്‍ നിന്നും കരയിലേക്ക്‌ വന്നിരുന്നത്. പൊഴിയുടെ ഇടതുവശത്തു നിന്നും ആയിരുന്നു മണ്ണ് മാന്തിയെടുത്തത്. ആദ്യം 30 മീറ്റര്‍ ആയിരുന്നു പൊഴിയുടെ വീതി ഉണ്ടായിരുന്നത്. അപ്പര്‍ കുട്ടനാട്ടിലെ അധികജലവും വഹിച്ചുകൊണ്ട് പമ്പാനദി, തോട്ടപ്പള്ളി സ്പില്‍വേയില്‍ വന്നു നില്‍ക്കുന്നു. പൊഴി തുറന്നതും നദിയിലെ ജലം കടലിലേക്ക്‌ ഒഴുകിത്തുടങ്ങി. വെറും 30 മീറ്റര്‍ മാത്രം വീതിയില്‍ തുറന്ന പൊഴി, പമ്പയുടെ കുത്തൊഴുക്കില്‍ വളരെപ്പെട്ടെന്നാണ് നൂറു മീറ്ററോളം വീതിയില്‍ ആയത്. രണ്ടു ദിവസം മുന്‍പ്‌ പൊഴി പോയി നോക്കിയപ്പോഴും നല്ല ഒഴുക്ക് ആയിരുന്നു പമ്പയില്‍ നിന്നും കടലിലേക്ക്‌ ഉണ്ടായിരുന്നത്.

നാട് വെള്ളത്തിലായില്ല

നാട് വെള്ളത്തിലായില്ല

തദ്ദേശവാസികളുമായി സംസാരിച്ചതില്‍ നിന്നും പൊഴിയിലെ ഒഴുക്ക് എത്രമാത്രം വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. അപ്പര്‍ കുട്ടനാടന്‍ മേഖലകളിലെ അധികജലം ആണ് ഞങ്ങളുടെ നാട്ടില്‍ വെള്ളപ്പൊക്കം ഉണ്ടാക്കുന്നതിലെ ഒരു കാരണം. വെള്ളപ്പൊക്കം ഉണ്ടാകുന്നതിനും പത്തു ദിവസം മുന്‍പേ തന്നെ പൊഴി തുറന്നതും, തന്മൂലം ഉണ്ടായ നീരൊഴുക്കും കാരണം ഞങ്ങളുടെ നാട് അധിക ദിവസം വെള്ളത്തിനടിയില്‍ ആയില്ല. ഈ മാറ്റം ഒന്നും സ്വിച്ചിട്ടപ്പോള്‍ ലൈറ്റ് കത്തുന്നത് പോലെ ഉണ്ടായതല്ല. 2016 ഡിസംബര്‍ മുതല്‍ ഇങ്ങോട്ടുള്ള കഠിനമായ പരിശ്രമത്തിന്റെ ഫലമായി നമ്മള്‍ നേടിയെടുത്തത്‌ ആണ്. ഇനിയും ധാരാളം ആറുകളും കൈതോടുകളും നദികളും ശുചീകരിക്കുവാനും പുനരുജ്ജീവിപ്പിക്കാനും ഉണ്ട്. ജഡാവസ്ഥയില്‍ കഴിയുന്ന ധാരാളം കനാലുകളും തോടുകളും ഇനിയും ജീവന്‍ വയ്ക്കേണ്ടതുണ്ട്. പൊതുജന പങ്കാളിത്തത്തോടെ വെള്ളപ്പൊക്ക ദുരന്തത്തിന്‍റെ ആഘാതം കുറയ്ക്കുവാന്‍ നമുക്ക്‌ ശ്രമിക്കാം''.

English summary
Haritha Kerala project helped Kuttanad this time from flooding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X