ജോലി തട്ടിപ്പില്‍ കുടുങ്ങി ബിജെപി നേതാവ്! തട്ടിയെടുത്തത് ഒരു കോടിയിലേറെ... വിശ്വസിപ്പിക്കാന്‍ ചിത്രങ്ങളും
ആലപ്പുഴ: കുഴല്‍പണ കേസില്‍ പെട്ട് നട്ടംതിരിയുകയാണ് കേരളത്തിലെ ബിജെപി നേതൃത്വം. അതിനൊപ്പം തന്നെയാണ് തിരഞ്ഞെടുപ്പിലെ ദയനീയമായ പരാജയവും. ഇപ്പോഴിതാ മറ്റൊരു വിവാദത്തിലാണ് ബിജെപി പെട്ടിരിക്കുന്നത്.
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്‌സിഐ( ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. ബിജെപി പ്രാദേശിക നേതാവായ സനു എന്‍ നായര്‍ ആണ് ഒരുകോടിയില്‍ പരം രൂപ തട്ടിയെടുത്തത്.

ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയാണ് സനു എന്‍ നായര്‍. ഇയാളെ കുടാതെ എറണാകുളം വൈറ്റില സ്വദേശിയായ ലെനിന്‍ മാത്യു, ബുധനൂര്‍ സ്വദേശിയായ രാജേഷ് കുമാര്‍ എന്നിവര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ കൂടുതല്‍ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നുണ്ട് .
ബിജെപി കേന്ദ്ര മന്ത്രിമാരുടേയും ദേശീയ നേതാക്കളുടേയും ഒക്കെ ഒപ്പമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ജോലി തട്ടിപ്പ്. എഫ്‌സിഐയില്‍ എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ തങ്ങള്‍ വിചാരിച്ചാല്‍ നിയമനം നടത്താന്‍ കഴിയും എന്ന് പറഞ്ഞായിരുന്നു പണം തട്ടിയിരുന്നത്. എഫ്‌സിഐയുടെ ബോര്‍ഡ് സ്ഥാപിച്ച വാഹനവും ഇവര്‍ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. ഉദ്യോഗാര്‍ത്ഥികളെ എഫ്‌സിഐ ഓഫീസുകള്‍ക്ക് അടുത്ത് താമസിപ്പിച്ചും തട്ടിപ്പ് നടത്തിയിട്ടുണ്ട് .
ഒമ്പത് പരാതികള്‍ ആണ് ഇതുവരെ പോലീസിന് ലഭിച്ചിട്ടുള്ളത്. ഒരു കോടിയില്‍ പരം രൂപ ഇവരില്‍ നിന്ന് തന്നെ സംഘം തട്ടിയെടുത്തിട്ടുണ്ട്. ഒരാളില്‍ നിന്ന് തന്നെ പത്ത് ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെ തട്ടിയെടുത്തിട്ടുണ്ട് എന്നാണ് പരാതികളില്‍ നിന്ന് വ്യക്തമാകുന്നത്.
ചെങ്ങന്നൂര്‍ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. സനു നായരുടെ ബിജെപി ബന്ധവും തട്ടിപ്പിനായി ഉപയോഗിപ്പെടുത്തിയിട്ടുണ്ട് എന്ന ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.












Click it and Unblock the Notifications