അനാഥനായി കഴിയേണ്ടി വന്ന ഒൻപതാം ക്ലാസുകാരൻ മഹേഷ്, വീടെന്ന സ്വപ്നത്തിന് തറപാകി കോൺഗ്രസ്
അനാഥനായ ഒൻപതാം ക്ലാസ്സുകാരൻ മഹേഷിന്റെ സ്വപ്ന വീട് സാക്ഷാത്ക്കരിക്കാൻ പോകുന്ന സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴക്കാരനായ മഹേഷിന് വീട് വെച്ച് നൽകാമെന്ന് ധനമന്ത്രി തോമസ് ഐസക് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് ചെന്നിത്തല പറയുന്നു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്: '' മാസ്കിനുള്ളിലെ ചിരി ചില കണ്ണുകളിൽ നോക്കിയാൽ അറിയാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമ്പോൾ ഇങ്ങനെ കണ്ണിൽ നോക്കി നിരവധി ചിരിക്കുന്ന മുഖങ്ങൾ കണ്ടു. ഇക്കൂട്ടത്തിൽ മറക്കാനാവാത്ത ഒരു ചിരിയാണ് മഹേഷിന്റേത്. മാതാപിതാക്കൾ അന്യരാജ്യത്ത് ജീവിക്കുമ്പോഴും കേരളത്തിൽ അനാഥനായി കഴിയേണ്ടി വന്ന ഈ ഒൻപതാം ക്ലാസുകാരൻ, ആലപ്പുഴയിലെ പ്രചാരണ യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് ഒരു പനിനീർ പുഷ്പവുമായി വേദിയിലേക്ക് കടന്നു വന്നത്.

ലോട്ടറി വിറ്റും കൂലിവേലയെടുത്തും ജീവിക്കുന്ന മഹേഷിനെക്കുറിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് കേരളം അറിഞ്ഞത്. മഹേഷിന് വീട് വച്ച് നൽകും എന്ന ഉറപ്പ് തോമസ് ഐസക്ക് നൽകിയപ്പോഴാണ് ഈ കൗമാരക്കാരനെ കേരളം ശ്രദ്ധിച്ചത്. സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഡിസ്കസ് ത്രോയിൽ മഹേഷ് ചാമ്പ്യനായതോടെ മഹേഷ് നാട്ടുകാരുടെ ഓമനയായി. വർഷങ്ങൾ കഴിഞ്ഞുപോയെങ്കിലും വീടെന്ന സ്വപ്നം ഐസക്കിന്റെ ഫേസ്ബുക്ക് പേജിൽ അക്ഷരമായി തുടർന്നു. ഐസക്കിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഉറപ്പ് തുടർന്ന് കൊണ്ടേയിരുന്നു.
മഹേഷിന്റെ നിരാശയും സങ്കടവും മനോരമ ന്യൂസിൽ കണ്ടപ്പോൾ മഹേഷിന്റെ സ്വപ്ന വീട് സാക്ഷാത്ക്കരിക്കാൻ തീരുമാനിക്കുകയും ഉടൻ തറക്കല്ലിടുകയും ചെയ്തു. ഡി.സി.സി ഉപാധ്യക്ഷൻ തോമസ് ജോസഫ് സമ്മാനിച്ച ഭൂമിയിലാണ് തറക്കല്ലിട്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഓൺലൈനായി ചടങ്ങ് സംഘടിപ്പിച്ചതിനാൽ മഹേഷിനെ നേരിട്ട് കാണാൻ കഴിഞ്ഞില്ല.
അങ്ങനെയാണ് പ്രചാരണ വേദിയിൽ ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. വീടിന്റെ ഒന്നാം ഘട്ടം പൂർത്തിയായ സന്തോഷ വാർത്തയും മഹേഷ് പറഞ്ഞു. ഉടൻ നിർമാണം പൂർത്തിയാക്കി മഹേഷിന് വീട് കൈമാറുന്ന നിമിഷം കാത്തിരിക്കുകയാണ്. ജീവിതത്തിലെ പ്രതിസന്ധികളെ സ്പോർട്സ്മാൻ സ്പിരിറ്റിലൂടെ മറികടക്കുന്ന മഹേഷിന് എല്ലാ നന്മകളും നേരുന്നു''.












Click it and Unblock the Notifications