ചെങ്ങന്നൂരില്‍ 4 അടിവരെ വെള്ളം ഉയരാന്‍ സാധ്യത, മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് സജി ചെറിയാന്‍
ചെങ്ങന്നൂര്‍: പമ്പാ ഡാം തുറന്നതിനാല്‍ ചെങ്ങന്നൂരിലും പരിസരത്തും നാലടിവരെ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ അറിയിച്ചു. മേഖലയില്‍ 120ല്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളം ഉയരുന്ന സാഹചര്യത്തില്‍ അടിയന്തരനടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഴ് മണിയോടെ പമ്പയിലെ ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ പൂര്‍ണായും മാറ്റിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യ ഉത്പന്നങ്ങളും എത്തിച്ചുകഴിഞ്ഞു. 2018ലെ അവസ്ഥ ഒരു കാരണവശാലും ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ പമ്പാ ഡാം തുറക്കാന്‍ ജില്ലാ കളക്ടര്‍ പിബി നൂഹ് ഉത്തരവിട്ടിരുന്നു. ഇതോടെ പമ്പയില്‍ 40സെന്റി മീറ്റര്‍ വെള്ളം ഉയരും. പമ്പാ നദീതീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. കുറഞ്ഞ തോതില്‍ മാത്രമാണ് വെള്‌ലം പുറത്തേക്ക് ഒഴുക്കി വിടുന്നത്. അണക്കെട്ടിന്റെ ആറ് ഷട്ടറുകളും രണ്ട് അടി വീതം ഉയര്‍ത്തും. സെക്കന്‍ഡില്‍ 82 ക്യുബിക് മീറ്റര്‍ വെള്ളമാണ് ഡാമില്‍ നിന്ന് ഒഴുകിയെത്തുന്നത്. 9 മണിക്കൂര്‍ സമയം ഷട്ടറുകള്‍ തുറന്നു വയ്ക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
985 മീറ്റര്‍ എത്തുമ്പോള്‍ തുറക്കാനാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ നിര്‍ദേശിച്ചതെങ്കിലും മുന്‍ കരുതല്‍ എന്ന നിലയില്‍ 983.5 മീറ്റര്‍ ആയപ്പോഴേക്കും വെള്ളം തുറന്നു വിടാന്‍ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. 5 മണിക്കൂറിനകമായിരിക്കും വെള്ളം റാന്നിയില്‍ എത്തുക. നിലവില്‍ പമ്പാ നദി കരയോടു ചേര്‍ന്നാണ് ഒഴുകുന്നത്. പമ്പാ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രാതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജില്ലയുടെ വിവിധ മേഖലകളല്‍ ഇപ്പോഴും കനത്ത മഴ തുടരുന്നുണ്ട്.












Click it and Unblock the Notifications