സ്കൂൾ ബസ് പാടശേഖരത്തിലേക്കു മറിഞ്ഞു 4 വിദ്യാർഥികൾ ഉൾപ്പെടെ 5 പേർക്കു പരുക്ക്
കുട്ടനാട്: കാവാലം നാരകത്തറയിൽ സ്കൂൾ ബസ് പാടശേഖരത്തിലേക്കു മറിഞ്ഞു 4 വിദ്യാർഥികൾ ഉൾപ്പെടെ 5 പേർക്കു പരുക്ക്. രണ്ടാം കൃഷിക്കായി വെള്ളം വറ്റിച്ചിരുന്നതിനാൽ വൻ അപകടം ഒഴിവായി. കാവാലം സ്വദേശികളായ അശ്വിനി (10), അശ്വതി ജി.പണിക്കർ (17), ഗ്രീഷ്മ (9), സഹോദരൻ ഗിരിശങ്കർ (4), ബസിന്റെ ആയ വാലടി സ്വദേശിനി ശ്രീകുമാരി തങ്കം (40) എന്നിവർക്കാണു പരുക്കേറ്റത്.
വ്യക്തി വൈരാഗ്യം; തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു, സംഭവം മാനന്തവാടി തലപ്പുഴയിൽ!!
ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നൽകിയശേഷം അശ്വിനി ഒഴികെയുള്ള എല്ലാവരെയും വിട്ടയച്ചു. തലയ്ക്കു നേരിയ പരുക്കേറ്റ അശ്വിനിയെ ഇന്നു ന്യൂറോ സർജൻ പരിശോധിച്ച ശേഷമേ വിട്ടയയ്ക്കൂ. ചങ്ങനാശേരി ഡോ. സക്കീർ ഹുസൈൻ വിദ്യാവിഹാർ സ്‌കൂളിലെ ബസാണു മറിഞ്ഞത്.
ഇന്നലെ രാവിലെ എട്ടുമണിയോടെ നാരകത്ര ജംക്‌ഷനിൽ നിന്നു കിഴക്കേ ചേന്നങ്കരി ഭാഗത്തേക്കു വിദ്യാർഥികളെ കയറ്റാൻ പോകുന്നതിനിടെയാണ് അപകടം. കോഴിച്ചാൽ വടക്കു പാടശേഖരത്തിലൂടെ കടന്നുപോകുന്ന വീതി കുറഞ്ഞ റോഡിലായിരുന്നു അപകടം.
എതിരെ വന്ന സൈക്കിളിനു വശം കൊടുത്തപ്പോൾ റോഡിന്റെ തിട്ട ഇടിഞ്ഞു മറിയുകയായിരുന്നു. പ്രദേശവാസിയായ കിഴക്കേ ചേന്നങ്കരി പതിനാലിൽചിറ ജയൻ കമ്പി ഉപയോഗിച്ചു ബസിന്റെ പിൻഭാഗത്തെ എമർജൻസി വാതിലിന്റെ ഗ്ലാസ് പൊട്ടിച്ചാണു അപകടത്തിൽ പെട്ടവരെ പുറത്തെത്തിച്ചത്.
നാരകത്ര ഓട്ടോസ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനെത്തി. അശ്രദ്ധമായി വാഹനം ഓടിച്ചതിനു ചങ്ങനാശേരി നാലുകോടി സ്വദേശി പി.കെ.ശശിധരനെതിരെ (60) കേസെടുത്തു.കൈനടി എസ്ഐ ആന്റണി ക്രോംസൺ അരൂജ, ഗ്രേഡ് എസ്ഐ ടി.വി.കുര്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി.