'കുട്ടികൾ നന്നായി പഠിക്കാനാണട്ടോ', കൃഷണേന്ദുവിനും കുടുംബത്തിനും വീടായി, ഐസകിന്റെ കുറിപ്പ്
ആലപ്പുഴ: മാരാരിക്കുളത്തെ കൃഷണേന്ദുവിനും കുടുംബത്തിനും വീടായതിന്റെ സന്തോഷം പങ്കുവെച്ച് ധനമന്ത്രി തോമസ് ഐസക്. പലക കൊണ്ടു മറച്ച അടച്ചുറപ്പില്ലാത്ത വീട് ആയിരുന്നു കൃഷ്ണേന്ദുവിനുണ്ടായിരുന്നത്. കുടുംബശ്രീ മേസൺ ടീം ആണ് വീട് നിർമ്മാണം നടത്തിയത്.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്: ' ഞാനുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പലതും ഉണ്ടായിട്ടുണ്ടെങ്കിലും വ്യക്തിപരമായി ഏറ്റവും പ്രയാസം തോന്നിയ ഒന്നായിരുന്നു കഴിഞ്ഞ ഒക്ടോബറിൽ ഒരു മാധ്യമപ്രവർത്തകനടക്കം ചില നിക്ഷിപ്ത താൽപ്പര്യക്കാർ സൃഷ്ടിച്ച പാർപ്പിട വാഗ്ദാന ലംഘന വിവാദം. പാവപ്പെട്ട ഒരു കുട്ടിയ്ക്ക് വീട് വാഗ്ദാനം ചെയ്തിട്ട് പിന്നെ തിരിഞ്ഞു നോക്കിയില്ല എന്നു പറഞ്ഞായിരുന്നു ആഘോഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിൽ വന്ന് ആ കുട്ടിയ്ക്കുള്ള വീടിന് തറക്കല്ലുമിട്ടു! വീടിനുള്ള പണം ഉറപ്പാക്കിയിട്ടുണ്ട്.
എന്നാൽ മൂന്നുസെന്റ് സ്ഥലം കൈമാറിക്കിട്ടുന്നതിനുള്ള പ്രയാസം മൂലമാണ് കാലതാമസമെന്ന എന്റെ വിശദീകരണം രാഷ്ട്രീയ കബളിപ്പിക്കലായും വ്യാഖ്യാനിക്കപ്പെട്ടു. മനോരമ ഓൺലൈനിൽ വന്ന വാർത്തയും തുടർന്നുണ്ടായ കോലാഹലവും അത്ര ലളിതമായിരുന്നില്ല എന്നതു വളരെ വ്യക്തം.
പഠനയോഗ്യമായ വീടില്ലാത്ത പതിമൂന്നു കുട്ടികൾക്ക് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ എന്റെ മണ്ഡലത്തിൽ സുമനസുകളുടെ സഹായത്തോടെ വീടു വെച്ചുകൊടുത്തിരുന്നു. അഞ്ചെണ്ണം പി കൃഷ്ണപിള്ള ഫൗണ്ടേഷൻ വഴി, ആറെണ്ണം സ്നേഹജാലകം വഴി, രണ്ടെണ്ണം അല്ലാതെയും. ഇതുപോലൊരു വീടായിരുന്നു വിവാദ വിഷയത്തിലും നിർമ്മിക്കാൻ ഉദ്ദേശിച്ചത്. ആ പാവപ്പെട്ട കുട്ടിക്ക് മറ്റൊരു വീടിന് പ്രതിപക്ഷ നേതാവ് തറക്കല്ലിട്ട പശ്ചാത്തലത്തിൽ ഇതിനായി കണ്ടെത്തിയ സഹായംകൊണ്ട് മറ്റൊരു അർഹതപ്പെട്ട കുട്ടിക്ക് വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചു. നവംബറിൽ തറക്കല്ലുമിട്ടു.
മാരാരിക്കുളം, തെക്ക് പഞ്ചായത്തിൽ എട്ടാം വാർഡിൽ, എക്സൽ ഗ്ലാസ്സിന് പടിഞ്ഞാറു വശം താമസിക്കുന്ന പടിഞ്ഞാറേമഠം സുഭാഷിന്റെയും കുടുംബത്തിന്റെയും അവസ്ഥ പ്രദേശത്തെ പൊതുപ്രവർത്തകരാണ് ശ്രദ്ധയിൽപ്പെടുത്തിയത്. മൂത്തകുട്ടി കൃഷണേന്ദു സെന്റ് ജോസഫിൽ ഡിഗ്രി അവസാന വർഷം പഠിക്കുകയാണ്. കാവ്യേന്ദു പതിനൊന്നാം ക്ലാസിലും, ഐശ്വര്യ എട്ടാം ക്ലാസിലും. പെയിന്ററായ അച്ഛൻ സുഭാഷിന് പണി വളരെ കുറവ്. ഭാര്യയ്ക്ക് തൊഴിലുറപ്പാണ് വരുമാന മാർഗ്ഗം. പലക കൊണ്ടു മറച്ച അടച്ചുറപ്പില്ലാത്ത വീട് സുരക്ഷിതമല്ലായെന്നു മാത്രമല്ല, മൂന്നു കുട്ടികൾക്കു പഠിക്കാനുള്ള സൗകര്യങ്ങളുമുണ്ടായിരുന്നില്ല.
കോവിഡ് രണ്ടാംതരംഗം, ദല്‍ഹിയില്‍ നൈറ്റ് കര്‍ഫ്യു, ചിത്രങ്ങള്‍ കാണാം
കുടുംബശ്രീ മേസൺ ടീം നിർമ്മാണത്തിന്റെ ചുമതല ഏറ്റെടുത്തു. റാമോജി റാവു ഫിലിം സിറ്റിക്കാർ ചെലവിനുള്ള പണം കുടുംബശ്രീക്ക് നേരിട്ടു നൽകുകയാണുണ്ടായത്. രണ്ട് മുറിയും, ഹാളും അടുക്കളയും, വർക്ക് ഏരിയയും അടങ്ങുന്ന മനോഹരമായ വീടാണ് നിർമ്മിച്ചത്. ഈസ്റ്ററിനായിരുന്നു ഗൃഹപ്രവേശനം. ഇലക്ഷൻ തിരക്കുമൂലം എത്താനായില്ല. പിറ്റേന്നാണ് ചെന്നത്. ഗൃഹപ്രവേശനം വീട്ടുകാർക്കു മാത്രമല്ല, നാട്ടുകാർക്കും ഉത്സവമായിരുന്നു. ചെണ്ടമേള അകമ്പടിയോടെ അമ്പലത്തിലേയ്ക്ക് താലപ്പൊലിയുമെടുത്തു.
വീട് പണിതു തരുന്നത് എന്തിനെന്ന് അറിയാമോ? കൃഷണേന്ദുവിനോടും, കാവ്യേന്ദുവിനോടും ഐശ്വര്യയോടും ചോദിച്ചു. കുട്ടികൾ നന്നായി പഠിക്കാനാണട്ടോ! വീടായി. ഇനി അത് പഠിത്തത്തിൽ കാണണം''.
സിമ്രത് കൗറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം